കാർത്യായനി അമ്മയ്ക്ക് ദീപാവലി സമ്മാനവുമായി മഞ്ജു വാര്യർ…

November 7, 2018

96 ആം വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പുമായെത്തി സാക്ഷരതാ മിഷന്റെ പരീക്ഷയിൽ 100 ൽ 98 മാർക്കും നേടി സംസ്ഥാനത്ത് ഒന്നാമതെത്തി, മികച്ച വിജയം കരസ്ഥമാക്കിയ കാർത്യായനി അമ്മയെ ദീപാവലി നാളിൽ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ക്രയോൺസ് ഫൗണ്ടേഷൻസിന്റെ ദീപാവലി സമ്മാനവുമായാണ് മഞ്ജു കാർത്യായനി അമ്മയെക്കാണാൻ എത്തിയത്.

ഹരിപ്പാട്ടെ ഹോട്ടലിലാണ് ക്രയോൺസ് ഫൗണ്ടേഷൻ കാർത്യായനി അമ്മയ്ക്കായി ദീപാവലി സർപ്രൈസ് ഒരുക്കിയത്. അപ്രതീക്ഷിതമായി മഞ്ജുവിനെക്കണ്ട അമ്മ ആദ്യമൊന്ന് അത്ഭുതപ്പെട്ടെങ്കിലും പിന്നീട് ഇരുവരും  ഏറെ നേരം കുശലാന്വേഷണം നടത്തി.

View this post on Instagram

 

My special guest on Diwali today. Karthyayini Amma who scored first rank and 98 marks in the “Aksharalaksham” exam by Kerala Literacy Mission. As the goodwill ambassador for the mission, feeling extremely proud! ഇന്ന് എന്നെത്തേടി വന്ന അതിഥി…97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്പിച്ച’ കെ.കാർത്യായനി അമ്മ. ? #keralaliteracymission

A post shared by Manju Warrier (@manju.warrier) on

കഴിഞ്ഞ ആഗസ്റ്റിലാണ് ആദ്യമായി കാർത്യായനി ‘അമ്മ പരീക്ഷ എഴുതുന്നത്. പരീക്ഷ എന്തെന്നറിയാതെ എല്ലാവർക്കുമൊപ്പം പരീക്ഷ ഹാളിൽ കയറിയ കാർത്യായനി അമ്മയ്ക്ക് ആദ്യം കുറച്ചൊരു അമ്പരപ്പ് ഉണ്ടായെങ്കിലും എഴുതി തുടങ്ങിയപ്പോൾ ആൾ ഉഷാറായി. സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പരീക്ഷയാണ് പരീക്ഷ എന്തെന്നറിയാതെ കാർത്യായനി ‘അമ്മ എഴുതിത്തുടങ്ങിയത്. കാർത്യായനിയമ്മ പരീക്ഷ എഴുതുന്ന ചിത്രങ്ങളടക്കം നേരത്തെ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

കാർത്യായനി ‘അമ്മ സ്കൂളിൽ പോയിട്ടില്ല, തന്റെ ഇളയ മകൾ അമ്മണിയമ്മ രണ്ട് വർഷം മുമ്പാണ് പത്താം ക്ലാസ് പരീക്ഷ പാസായത്. അന്ന് തുടങ്ങിയതാണ് പഠിക്കണെമെന്നും പരീക്ഷ എഴുതണമെന്നുമുള്ള കാർത്യായനി അമ്മയുടെ ആഗ്രഹം. സംസ്ഥാനത്ത് ആകെ നാല്പതിനായിരത്തോളം പേരാണ് ഈ പരീക്ഷ എഴുതിയത്. അതിൽ ഏറ്റവും പ്രായം കൂടുതലുള്ള ആളാണ് കാർത്യായനി അമ്മ. 100 മാർക്കിന്റെ പരീക്ഷയിൽ ആദ്യത്തെ ഭാഗം 30 മാർക്കിന്റെയാണ്, രണ്ടാമത്തെ ഭാഗം എഴുത്തു പരീക്ഷയാണ്. ആദ്യ ഭാഗത്തെ പരീക്ഷ കഴിഞ്ഞപ്പോൾ 30 ൽ 30 മാർക്കും കാർത്യായനി ‘അമ്മ കരസ്ഥമാക്കി.

പിന്നീട് റിസൾട്ട് വന്നപ്പോൾ 100 ൽ 98 മാർക്കാണ് കാർത്യായനിയമ്മ കരസ്ഥമാക്കിയത്.  മുഖ്യമന്ത്രിയടക്കം നിരവധി  പ്രമുഖർ പ്രായത്തെ വെല്ലുന്ന പ്രകടനവുമായെത്തിയ ഈ അമ്മയ്ക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയിരുന്നു.