ജോസഫിലെ സ്‌നേഹഗാനത്തിന് ആരാധകര്‍ ഏറെ; വീഡിയോ കാണാം

November 19, 2018

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജോസഫ്’. മികച്ച പ്രതികരണത്തോടെയാണ് ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നത്. ചിത്രത്തിലെ ഒരു ഗാനം കൂടി കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും.

ദാമ്പത്യസ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഗാനത്തില്‍. പൂമൊത്തോളെ എന്നു തുടങ്ങുന്ന ഗാനമാണ് മികച്ച പ്രതികരണത്തോടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. വിജയ് യോശുദാസ് ആണ് ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പുതിയ ലുക്കില്‍ എത്തുന്ന ജോജുവിന്റെ രൂപം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.