ഷാജോണിനൊപ്പം സെൽഫിയെടുക്കാൻ ഈ ബോളിവുഡ് താരം കാത്തുനിന്നത് ഒരു മണിക്കൂർ

ഹാസ്യകഥാപാത്രമായി വന്ന് മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് കലാഭവൻ ഷാജോൺ. അഭിനയത്തിൽ മികവ് തെളിയിച്ച താരം ഇപ്പോൾ സംവിധാനത്തിലേക്കും ചുവടുവെച്ചിരിക്കുന്നത് പ്രേക്ഷകരിൽ ആകാംഷ ഉയർത്തിയിരിക്കുകയാണ്. രജനീകാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത പുതിയ ചിത്രം 2.0 ലും  ഷാജോൺ അഭിനയിക്കുന്നുണ്ട്. ഈ  ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഷാജോൺ.

തന്റെയൊപ്പം സെൽഫിയെടുക്കാൻ അക്ഷയ് കുമാർ കാത്തുനിന്ന സംഭവമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പം മുതൽ അക്ഷയ് കുമാറിന്റെ ആരാധകനാണ് ഷാജോൺ. സിനിമയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം താൻ അസോസിയേറ്റ്സിൽ ഒരാളോട് പറഞ്ഞിരുന്നതായും , എന്നാൽ  ഷൂട്ടിങ്ങിന്റെ തിരക്കുകൾ കാരണം ഈ ആഗ്രഹം ഒഴിവാക്കിയതും ഷാജോൺ ഓർത്തെടുത്തു. എന്നാൽ തന്റെ ഒപ്പം സെൽഫിയെടുക്കാനും തന്റെ ആഗ്രഹം സാധിച്ചുതരുന്നതിനുമായി അക്ഷയ് കുമാർ ഒരു മണിക്കൂറോളം കാത്തുനിന്ന അനുഭവവും തന്നെ ഞെട്ടിച്ചതായും  ഷാജോൺ പറഞ്ഞു.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള നീക്കത്തിലാണ് താരമിപ്പോൾ. ‘ബ്രദേഴ്‌സ്‌ ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2019 ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും ഷാജോൺ തന്നെയാണ്.