1000 കോടിയിൽ ആമിർ ഖാന്റെ ‘മഹാഭാരതം’ ഒരുങ്ങുന്നു

November 12, 2018

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ശീലമുള്ള ആമിർഖാൻ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ…

1000 കോടിയുടെ ഭീമമായ മുതൽമുടക്കിൽ  മഹാഭാരത കഥയുമായി ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്റ്റ് ആമിർഖാൻ എത്തുന്നു. മഹാഭാരതം  തന്റെ സ്വപ്ന പദ്ധതിയാണെന്നും ചിത്രത്തിൽ ശ്രീകൃഷ്ണന്റെ വേഷം ചെയ്യാനാണ് ആഗ്രഹമെന്നും  ആമിർഖാൻ നേരെത്തെ വെളിപ്പെടുത്തിയിരുന്നു..

1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിർമാണ പങ്കാളിയാകാൻ മുകേഷ് അംബാനിയുടെ റിലയൻസും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു ബ്രഹ്മാണ്ഡ ചിത്രമായി മഹാഭാരതത്തെ  പ്രേക്ഷകരിലെത്തിക്കാനാണ് ആമിർഖാൻ പദ്ധതിയിടുന്നത്.

ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.