രസകരമായ ഡാന്‍സ് ചലഞ്ചുമായി ‘ഓട്ടര്‍ഷ’

രസകരമായ ഒരു ഡാന്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ‘ഓട്ടര്‍ഷ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഡാന്‍സ് കളിക്കാന്‍ അറിയുന്നവര്‍ക്കാണ് തകര്‍പ്പന്‍ അവസരങ്ങളും കിടിലന്‍ സമ്മാനങ്ങളും ലഭിക്കുക. സിനിമയിലെ ‘ചന്ദപ്പുര കൃതി അലംകൃതി…’ എന്നു തുടങ്ങുന്ന ഗാനത്തിന് പ്രേക്ഷകര്‍ തന്നെ കൊറിയോഗ്രാഫ് ചെയ്ത വീഡിയോയാണ് അയയ്‌ക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വീഡിയോ സിനിമയുടെ അവസാനം പ്രദര്‍ശിപ്പിക്കും. ഒപ്പം നിരവധി സമ്മാനങ്ങളും ലഭിക്കും. നവംബര്‍ പതിനഞ്ചാണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി.

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ‘. സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

അനുശ്രീയ്ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറിലാണ് ‘ഓട്ടര്‍ഷ’ റിലീസ് ചെയ്യുന്നത്.