വിന്‍ഡീസിനെതിരായ പരമ്പരയിലെ വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം; വീഡിയോ കാണാം

November 2, 2018

തിരുവനന്തപുരത്ത് വെച്ചു നടന്ന വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.  മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ  ജയം.  കരീബിയന്‍ ടീമിനെ 3-1ന് തളച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. മത്സര ശേഷം വിജയം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് താരങ്ങൾ താമസിക്കുന്ന ഹോട്ടലിലാണ് വിജയാഘോഷം നടന്നത്. ഹോട്ടല്‍ സ്റ്റാഫിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, രോഹിത് ശര്‍മ്മ,  ധോണി തുടങ്ങിയ വമ്പൻ താരങ്ങളുടെ സാന്നിധ്യവും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. വിജയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന കരീബിയന്‍ ടീമിനെതിരെ മിന്നും ജയമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യയുടെ ബൗളിങിലെ തകർപ്പൻ പ്രകടനം ആരാധകർക്ക് ആവേശം പകർന്നു.  ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപും ഭുവനേശ്വറും ഓരോ വിക്കറ്റു വീതവും എറിഞ്ഞു വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഫോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 25 റണ്‍സാണ് ജെയ്‌സണ്‍ ഫോള്‍ഡര്‍ വിന്‍ഡീസിനായി അടിച്ചെടുത്തത്.