ചക്രക്കസേരയിലിരിക്കുന്ന കൃഷ്ണകുമാറിനെ തേടി പ്രിയതാരമെത്തി; ഹൃദയം തൊടും മഞ്ജുവാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഭിനയമികവു കൊണ്ടു മാത്രമല്ല ചില ഇടപെടലുകള്‍ക്കൊണ്ടും മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇത്തരത്തില്‍ മഞ്ജുവാര്യരുടെ ഒരു ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗത്താല്‍ വീല്‍ ചെയറിലായ കൃഷ്ണകുമാര്‍ എന്ന ആരാധകനെ കാണാന്‍ മഞ്ജു വാര്യര്‍ എത്തി. എന്നാല്‍ ആരാധകനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ വായനക്കാരുടെ ഹൃദയം തൊടുന്നത്.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ’ എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാര്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി ചക്രക്കസേരയിലിരുത്തിയിരിക്കുകയാണ് ഈ യുവാവിനെ. ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പെട്ടതാണിത്. പക്ഷേ കൃഷ്ണകുമാറിനെ തോല്പിക്കാന്‍ ഈ ജനിതകരോഗത്തിന് സാധിച്ചിട്ടില്ല. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും മനസിനെ വിശാലമായ ആകാശങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ട് കൃഷ്ണകുമാര്‍ പലതും ചെയ്യുന്നു. തന്നെപ്പോലെ ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി MIND എന്ന സംഘടനയുണ്ടാക്കിയതുമുതല്‍ ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വന്തമായി വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ വരെയെത്തുന്നു അത്. കൃഷ്ണകുമാര്‍ അരികിലിരുന്നപ്പോള്‍ ഇച്ഛാശക്തിയുടെ പ്രകാശം ചുറ്റും നിറയുന്നതുപോലെയാണ് തോന്നിയത്. യൂറോപ്പിലേക്ക് പറക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു. പ്രിയപ്പെട്ട കൃഷ്ണകുമാര്‍…നിങ്ങള്‍ ചിറകില്ലാത്തവനല്ല…അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്…നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ….

ഈ കൂടിക്കാഴ്ചക്ക് നിമിത്തമായ പ്രിയ സഹോദരന്‍ ശ്രീ. ഷിബുവിന് നന്ദി…