ആക്ഷന്‍ ത്രില്ലറായി ‘വാച്ച്മാന്‍’; ടീസര്‍ കാണാം

പ്രമേയംകൊണ്ടുതന്നെ വിത്യസ്തമാവുകയാണ് ‘വാച്ച്മാന്‍’ എന്ന തമിഴ് സിനിമയുടെ ടീസര്‍. ജി വി പ്രകാശാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. എംഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

എം എല്‍ വിജയ് സംവിധാനം നിര്‍വ്വഹിച്ച നിരവധി സിനിമകളില്‍ ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് എം എല്‍ വിജയ് യുടെ ചിത്രത്തില്‍ ജി വി പ്രകാശ് നായക കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തിന്റെ ടീസര്‍.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന് തോന്നുവിധമാണ് ടീസര്‍ ഒരുക്കിയിട്ടുള്ളത്. രാത്രിയില്‍ ചിത്രീകരിച്ച രംഗങ്ങളാണ് ടീസറില്‍ കൂടുതലും. ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും.