കുള്ളൻ ഷാരൂഖിനെ ഏറ്റെടുത്ത് ആരാധകർ; റെക്കോർഡുകൾ വാരിക്കൂട്ടി സീറോയുടെ ട്രെയ്‌ലർ

November 8, 2018

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം സീറോ ഏറെ ആകാംഷയോടെ ബോളിവുഡ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ റെക്കോർഡുകൾ വാരിക്കൂട്ടി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ കണ്ട ട്രെയ്‌ലർ എന്ന റെക്കോർഡാണ് സീറോ നേടിയിരിക്കുന്നത്. പുറത്തിറങ്ങി 96 മണിക്കൂറിനുള്ളിൽ 100 ദശലക്ഷം ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബൗവാ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നാലു മുനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഒരു ദിവസംകൊണ്ട് രണ്ട് കോടിയിലധികം പേരാണ് കണ്ടത്. ‘സീറോ’ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

ആനന്ദ് എല്‍ റായ് ആണ് സീറോയുടെ സംവിധാനം. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ‘. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായിരിക്കും ഷാരൂഖ് ആനന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം.