മുഖകാന്തി വർധിപ്പിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ…

December 23, 2018

കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തി ലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും കുരുക്കളുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്. ചര്‍മ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകള്‍ ഇന്നുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹണി ഫേസ് പാക്ക്…

ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേന്‍. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അല്‍പം റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക.

ആപ്പിള്‍ റോസ് വാട്ടര്‍ ഫേസ് പാക്ക്…

ആപ്പിള്‍ തൊലി കളഞ്ഞ് പേസ്റ്റ് പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം രണ്ട് തുള്ളി ​റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.  നിറം വയ്ക്കാനും ചര്‍മ്മം കൂടുതല്‍ മൃദുലമാകാനും ഈ മിശ്രിതം വളരെ നല്ലതാണ്.

ചന്ദനം, മഞ്ഞള്‍, പാല്‍ ഫേസ് പാക്ക്…

ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച്‌ 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്.

പപ്പായ ഫേസ് പാക്ക്…

മുളം തിളങ്ങാന്‍ വളരെ നല്ലതാണ് പപ്പായ ഫേസ് പാക്ക്. അരകപ്പ് പപ്പായ പേസ്റ്റും അരസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക.

കടലമാവ് ഫേസ് പാക്ക്…

ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.