2032 ലെ ഒളിംപിക്സിന് വേദിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യ …

December 5, 2018

2032ലെ ഒളിംപിക്സിന് വേദിയാവാൻ തയാറായി ഇന്ത്യ.ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് വേദിയാവാൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ശ്രമിക്കുന്നത്.  2032ലെ ഒളിംപിക്സ് ദില്ലിയിലോ മുംബൈയിലോ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു.

ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചു. ഈവർഷം ആദ്യം ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനോട് ഐ ഒ എ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഐ ഒ എ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഐ ഒ സിയുടെ മൂന്നംഗ ബിഡ് കമ്മിറ്റിയുമായി അടുത്ത ഒളിംപിക്സിന് വേദിയാവുന്ന ടോക്യോയിൽ കൂടിക്കാഴ്ച നടത്തി. ബിഡ് കമ്മിറ്റിയിൽ നിന്ന് അനുകൂല പ്രതികരണം കിട്ടിയതോടെ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ.

ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയും താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.  ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിന് വേദിയായത്  ഇന്തോനേഷ്യ ആയിരുന്നു. ഓസ്ട്രേലിയ, ചൈന ജർമ്മി എന്നിവരും 2032ലെ ഒളിപിക്സ് വേദിക്കായി രംഗത്തെത്തുമെന്നാണ് സൂചന.