പിറന്നാൾ മധുരം പങ്കുവെച്ച് ‘മധുരരാജ’ ലൊക്കേഷൻ..ചിത്രങ്ങൾ കാണാം..

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മധുരരാജയുടെ ലൊക്കേഷനിലെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. സംവിധായകൻ വൈശാഖിന്റെ മകളുടെ പിറന്നാളാണ് എല്ലാവരും ചേർന്ന് ആഘോഷമാക്കിയത്.  കേക്ക് മുറിപ്പിച്ചായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മമ്മൂട്ടിയും വൈശാഖുമടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. വൈശാഖ് തന്നെയാണ് ആഘോഷത്തിന്‍റെ വിവരവും ചിത്രങ്ങളും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

അതേസമയം ചിത്രത്തിന്റെ ലൊക്കേഷനിൽ സലീം കുമാറിന്റെ 28 -ആം വിവാഹ വാർഷികവും മമ്മൂട്ടിയും അണിയറപ്രവർത്തകരും ചേർന്ന് നേരത്തെ ആഘോഷമാക്കിയിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സലിം കുമാറിനെയും ഭാര്യ സുനിതയെയുംകൊണ്ട് കേക്ക് മുറിപ്പിച്ചായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സലിംകുമാറിനും സുനിതയ്ക്കും മമ്മൂട്ടി തന്നെ കേക്ക് നല്‍കി.

2010 ൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്   ‘മധുരരാജ’. ദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഇത്തവണ ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ട് നായികമാരുണ്ടായിരിക്കുമെന്നും, എന്നാൽ  ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ലായെന്നും  ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് മുമ്പ് അറിയിച്ചിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രമാണ് ‘രാജാ 2’ല്‍ കാണാന്‍ സാധിക്കുക.