‘നയണി’ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വി…

January 2, 2019

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘നയൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഡോക്ടർ ഇനയത് ഖാൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാവൽമാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്ന കഥാപാത്രത്തെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്.

ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ ജനുവരി 11 ന് പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളത്തിൽ ഇങ്ങനെയൊരു ചിത്രം ഇതാദ്യമാണെന്നും ചിത്രത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നുമാണ് വെളിപ്പെടുത്തലുകൾ.

മലയാള സിനിമയിൽ പുതിയ വഴികൾ വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാര്യ സുപ്രിയക്കൊപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭം ആരംഭിച്ചതെന്ന് താരം നേരെത്തെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.