കാന്‍സറിലും പതറാതെ വൈഷ്ണവി; വേറിട്ടൊരു ഫോട്ടോഷൂട്ട്

March 1, 2019

കാന്‍സര്‍ എന്നുകേട്ടാല്‍ നെഞ്ചുപിളര്‍ന്നുപോകുന്ന വേദന തോന്നിയേക്കാം പലര്‍ക്കും. അത്ര ഗുതുതരമായ രോഗാവസ്ഥയെ വേദനയോടെയല്ലാതെ എങ്ങനെ കേള്‍ക്കാനാവും. കാന്‍സറിലും തളരാത്ത, പതറാത്ത മനക്കരുത്തിന്റെ കഥകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. കീമോയുടെ തീവ്രവേദനയിലും ഹൃദയംകൊണ്ട് പുഞ്ചിരിക്കുന്നവരുടെ ജീവിതസാക്ഷ്യങ്ങള്‍.

കാന്‍സറിനെ പുഞ്ചിരികൊണ്ട് തോല്‍പിക്കുന്ന വൈഷ്ണവിയാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. തികച്ചും വിത്യസ്തമായൊരു ഫോട്ടോഷൂട്ടിലൂടെയാണ് വൈഷ്ണവി സോഷ്യല്‍ലോകത്ത് തരംഗമായത്. വരനില്ലാതെ സുന്ദരിയായ  വധുവായി അണിഞ്ഞൊരുങ്ങിക്കൊണ്ടായിരുന്നു വൈഷ്ണവിയുടെ ഫോട്ടോഷൂട്ട്. കാന്‍സറിന്റെ കൊടിയ വേദനകള്‍ക്കിടയിലും ഒരുനവവധുവായി ഒരുങ്ങിയിരിക്കുകയാണ് വൈഷ്ണവി.

Read more:ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമയെടുത്തു; ഒടുവില്‍ സംസ്ഥാന അവാര്‍ഡ്

കാന്‍സര്‍ മൂലം പ്രീയപ്പെട്ടവര്‍ ഉപേക്ഷിച്ചുപോയവര്‍ക്കും, വിവാഹം വേണ്ടെന്നുവെച്ചവര്‍ക്കും പ്രണയത്തെ ഉപേക്ഷിച്ചവര്‍ക്കുമെല്ലാം വേറിട്ടൊരു പ്രചോദനമാവുകയാണ് വൈഷ്ണവിയുടെ ഈ ഫോട്ടോഷൂട്ട്. വരന്‍ ഇല്ലാതിരുന്നിട്ടുപോലും ഒരു വധുവായി ഒരുങ്ങണമെന്ന ആഗ്രഹം ഈ മിടുക്കി സാധ്യമാക്കിയിരിക്കുകയാണ്.

വൈഷ്ണവിയെ രണ്ട് താവണ കാന്‍സര്‍ എന്ന വില്ലന്‍ തളര്‍ത്താന്‍ നോക്കി. എങ്കിലും വീണുപോകാന്‍ തയാറായിരുന്നില്ല ഇവര്‍. വിവാഹജീവിതത്തെക്കുറിച്ച് സ്വപ്‌നംകണ്ടു. സ്വപ്‌നങ്ങളെ കാര്‍ന്നുതിന്നാന്‍ കാന്‍സറിനെ അനുവദിക്കാന്‍ വൈഷ്ണവി തയാറായിരുന്നില്ല. സ്തനാര്‍ബുദമാണ് ആദ്യം വൈഷ്ണവിയെ ബാധിച്ചത്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കരളിനും നട്ടെല്ലിലും കാന്‍സര്‍ ബാധിച്ചു. കീമോയുടെ ഭാഗമായി തലമുടി കൊഴിഞ്ഞുപോയിട്ടും സൗന്ദര്യത്തിനു മങ്ങലേറ്റിട്ടും തളര്‍ന്നുവീണില്ല വൈഷ്ണവി. തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയായിരുന്നു ഇവര്‍.

തന്റെ സ്വപ്‌നം എന്നപോലെ ഒരു നവവധുവായി ഒരുങ്ങി ഫോട്ടോകള്‍ പകര്‍ത്തി. കീമോതെറാപ്പിയുടെ സമയങ്ങളില്‍ തലമുടി നഷ്ടപ്പെട്ടതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് വൈഷ്ണവി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ആ വേദനയെ ഇവര്‍ മറികടന്നു. തന്റെ ശരീരത്തിനുണ്ടായ മാറ്റത്തെ അംഗീകരിച്ചു. തലമുടി കൊഴിഞ്ഞുപോയ അവസ്ഥയില്‍തന്നെയാണ് വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് നടത്താന്‍ വൈഷ്ണവി തീരുമാനിച്ചതും. വൈഷ്ണവിയുടെ ഈ തീരുമാനമാണ് സ്വപ്‌നങ്ങള്‍ പൂട്ടികെട്ടിവെയ്ക്കുന്ന അനേകര്‍ക്ക് പ്രചോദനമാകുന്നത്.