ചിരിപ്പിച്ച് സിദ്ധിഖ്; കോടതി സമക്ഷം ബാലന്‍ വക്കീലിലെ തീയറ്ററുകളില്‍ കാണാത്തൊരു രംഗം: വീഡിയോ

March 5, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ‘കോടതി സമക്ഷം ബാലന്‍വക്കീല്‍’. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ജനപ്രീയ നായകന്‍ ദീലീപ് തന്നെയാണ് തീയറ്ററുകളില്‍ കാണാത്ത ഈ രംഗം ആരാധകര്‍ക്കായി തന്റെ ഔദ്യാഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ചിത്രത്തില്‍ ദിലീപിനൊപ്പം തന്നെ മികച്ചു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് സിദ്ധിഖിന്റേതും. ദിലീപിന്റെ അച്ഛനായാണ് സിദ്ദിഖ് ചിത്രത്തിലെത്തുന്നത്. സിദ്ധിഖ് തകര്‍ത്തഭിനയിച്ച ഒരു ചെറിയ രംഗമാണ് ഇപ്പോള്‍ ആരാധകര്‍ക്കായി ദിലീപ് പങ്കുവെച്ചിരിക്കുന്നതും. പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട് ഈ ചെറു രംഗം.

അതേ സമയം കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം ബോക്‌സ്ഓഫീസ് കളക്ഷനിലും സൂപ്പര്‍ഹിറ്റ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അഞ്ച് ദിവസംകൊണ്ട് ചിത്രം പത്ത് കോടി നേടി. കേരളത്തിന് അകത്തും പുറത്തുംനിന്നുള്ള തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

ഫെബ്രുവരി മാസം 21 നാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തീയറ്ററുകളിലെത്തിയത്. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കോമഡിയും ആക്ഷന്‍സും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടായിരുന്നു കോടതി സമക്ഷം ബാലന്‍വക്കീല്‍ തീയറ്ററുകളിലെത്തിയത്.

Read more:ഒരു മിനിറ്റുകൊണ്ട് ജയസൂര്യയുടെ 5 കഥാപാത്രങ്ങളെ ആവിഷ്‌കരിച്ച് ഒരാള്‍; ‘നമിച്ച്’ താരം

അതേസമയം തെലുങ്കിലും ഹിന്ദിയിലും ചിത്രത്തിന്റെ റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണകമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ച ചിത്രംകൂടിയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സും പ്രമുഖ കമ്പനിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.