വീര്യം ചോരാതെ ഇന്ത്യന്‍ ടീം; രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം

March 6, 2019

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെ ഇന്ത്യയാണ് ഇപ്പോള്‍ പരമ്പരയില്‍ മുന്നില്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 250 റണ്‍സാണ് അടിച്ചെടുത്തത്. 251 രണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെ തോല്‍പിക്കാനായില്ല. തുടക്കം മുതലെയുളള ഇന്ത്യയുടെ ചോരാത്ത പോരാട്ട വീര്യം ടീമിനെ വിജയത്തിലെത്തിച്ചു.

49.3 ഓവറില്‍ 242 റണ്‍സെടുത്ത് ഓസ്‌ട്രേലിയയുടെ താരങ്ങളെല്ലാം പുറത്തായി. ഗാലറിയില്‍ നിന്നും ഇന്ത്യയ്ക്ക് ഹര്‍ഷാരവങ്ങളും ഉയര്‍ന്നു. 65 പന്തില്‍ നിന്നുമായി നാല് ബൗണ്ടരിയും ഒരു സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് എടുത്ത മാര്‍ക്കസ് സ്റ്റോയിന്‍സാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

രണ്ടാം ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകിയത്. തന്റെ ഏകദിന കരിയറിലെ നാല്‍പതാം സെഞ്ചുറി കുറിച്ചു നാഗ്പൂരില്‍ താരം. 116 റണ്‍സാണ് കോഹ് ലി ഇന്ത്യയ്ക്കായ് അടിച്ചെടുത്തത്. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

Read more:“ഞാന്‍ പാടൂടാ”; മാസ് മറുപടിക്ക് പിന്നാലെ ജോജുവിന്റെ പാട്ട്: വീഡിയോ

തൊട്ടുപിന്നാലെ ശിഖര്‍ ധവാനും അമ്പാട്ടി റായിഡുവും പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക് ചെറുതായൊന്ന് മങ്ങലേറ്റു. എന്നാല്‍ പ്രതീക്ഷയ്ക്ക് ഉണര്‍വു പകരുന്ന തരത്തിലുള്ളതായിരുന്നു ഇന്ത്യന്‍ നായകന്‍ വീരാട് കോഹ് ലിയുടെ പ്രകടനം. അഞ്ചാമനായി ക്രീസിലെത്തിയ വിജയ് ശങ്കറും നന്നായി തന്നെ പൊരുതി. യുവതാരമായ വിജയ് ശങ്കര്‍ 41 പന്തില്‍ നിന്നുമായി അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് അടിച്ചടുത്തു.

നാഗ്പൂരാണ് രണ്ടാം അങ്കത്തിന് വേദിയയായത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്നലെ കളത്തിലിറങ്ങിയത്. ടീമിന്റെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിയില്ല. ആദ്യ മത്സരത്തില്‍ 237 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.