ലൂസിഫര്‍ ആന്തവുമായ് ഉഷാ ഉതുപ്പ്; പ്രതീക്ഷയോടെ പ്രേക്ഷകര്‍

March 15, 2019

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട് പുതിയൊരു വിശേഷം കൂടി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ലൂസിഫര്‍ ആന്തവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. വിത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഗായിക ഉഷാ ഉതുപ്പാണ് ലൂസിഫര്‍ ആന്തം ആലപിക്കുന്നത്. മുരളീ ഗോപിയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അടുത്തിടെ ചിത്രക്കുറിച്ച് നിരവധിയായ കള്ളപ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ ഒരു രംഗം എന്നു തോന്നുവിധമുള്ള ചില തിരക്കഥാ ഭാഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ലൂസിഫര്‍ ടീംതന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മോഹന്‍ലാലും പൃത്വിരാജും അടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

Read more:ഹൃദയംതൊട്ട് ഇളയരാജയിലെ പുതിയ വീഡിയോ ഗാനം

അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി ആഴ്ചകള്‍ക്കു മുമ്പാണ് 26 ദിവസങ്ങള്‍ക്കൊണ്ട് വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.