ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ മനോഹര പ്രണയഗാനം

March 16, 2019

മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള്‍ മനോഹരമായി പാടി കൈയടി നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. വീണ്ടുമിതാ ആലാപന മാധുര്യത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ് ശ്രേയ. മേരാ നാം ഷാജി എന്ന പുതിയ ചിത്രത്തിനു വേണ്ടി ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനമാണ് ശ്രദ്ധേയമാകുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’.

മലയാളവും തമിഴും ചേര്‍ത്തുകൊണ്ടുള്ള ഒരു സുന്ദര ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രേയ ഘോഷാലിനൊപ്പം രഞ്ജിത്തും ചേര്‍ന്നാണ് ആലാപനം. ഗാനത്തിലെ തമിഴ് വരികള്‍ ശ്രേയയും മലയാളം വരികള്‍ രഞ്ജിത്തും ആലപിച്ചിരിക്കുന്നു. എമില്‍ മുഹമ്മദാണ് സംഗീത സംവിധായകന്‍. മനോഹരമായ ഒരു പ്രണയ ഗാനമാണ് ഇത്. ആസിഫ് അലിയും നിഖിലാ വിമലുമാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്.‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റരില്‍മാന്‍ ഷാജിയുടെയും കഥ.


ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങി. ഷാജി എന്നത് കിടിലന്‍ പേരാണെന്നും കേരളത്തിലുള്ള എല്ലാവരും  ഷാജീന്ന് പേരിട്ടാല്‍ നല്ലതണെന്നുമൊക്കെ ടീസറില്‍ പറഞ്ഞുവെയ്ക്കുന്നു. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ ‘നീയാണോടാ ഈ അലവലതി ഷാജി…’ എന്ന ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ചിരി സമ്മാനിച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും.

Read more:‘അടി ഇടി ഡാന്‍സ് ബഹളം’; ‘ബ്രദേഴ്‌സ് ഡേ’യെക്കുറിച്ച് പൃഥിരാജ്

ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

‘കഥയിലെ നായകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് ‘മേരാ നാം ഷാജി’യുടെ തിരക്കഥ. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.