ഹൃദയംതൊട്ട് ഇളയരാജയിലെ പുതിയ വീഡിയോ ഗാനം

March 15, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ വീണ്ടും ഭാവഗായകന്റെ ഒരു ഗാനം ശ്രദ്ധേയമാവുകയാണ്. ഇളയരാജ എന്ന ചിത്രത്തിനു വേണ്ടിയാണ് പി ജയചന്ദ്രന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നു തുടങ്ങുന്ന ഗാനമാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാകുന്നത്. ഗാനത്ഗാതിന്ന‍റെ വീഡിയോയും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. നേരത്തെ ഈ ഗാനത്തിന്‍റെ മെയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.  ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് വരികള്‍. രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയ ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ‘ഇളയരാജ’. വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.

എന്നാലും ജീവിതമാകെ സങ്കടമതിലധികം… എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കരണവും വളരെ മനോഹരമാണ്. കുടുംബസ്നേഹത്തിന്‍റെ ആഴവും പരപ്പുമെല്ലാം ഈ ഗാന രംഗത്ത് വേണ്ടുവോളം പ്രതിഫലിക്കുന്നുണ്ട്. തികച്ചും വിത്യസ്തമായൊരു മേയ്ക്കേ ഓവറില്‍ മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകനും ഈ ഗാനരംഗത്തു നിറഞ്ഞു നില്‍ക്കുന്നു.

Read more: അഭിനയത്തില്‍ മാത്രമല്ല ഡാന്‍സിലും ഷെയ്ന്‍ നിഗം സൂപ്പര്‍; വീഡിയോ

ഇളയരാജ എന്ന ചിത്രത്തിനു വേണ്ടി മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഈ ഗാനത്തിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. താരം ആലപിച്ച കപ്പലണ്ടി പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.  ജയസൂര്യയുടെ ആലാപനം ഏറെ മികച്ചതാണെന്നാണ് പലരുടെയും കമന്റ്.