“ചെറിയ പുള്ളിയല്ല അവന്‍ പഠിച്ച കള്ളനാ” ; ശ്രദ്ധേയമായി ലൂസിഫര്‍ ട്രെയ്‌ലര്‍

March 20, 2019

ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ‘ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. മലയാളികളുടെ പ്രിയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.

പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കെ പ്രതീക്ഷയോടെയാണ്  ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂടുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. ട്രെയ്‌ലറിലെ ഈ മികവ്  ചിത്രത്തിലുമുണ്ടായാല്‍ ലൂസിഫര്‍ തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടുമെന്ന് ഉറപ്പ്.  ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകനായ ഫാസിലും അഭിനേതാവായി ചിത്രത്തിലെത്തുന്നു. നിരവധി താരനിരകള്‍തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. അതേസമയം വിത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഗായിക ഉഷാ ഉതുപ്പാണ് ചിത്രത്തിലെ ലൂസിഫര്‍ ആന്തം ആലപിക്കുന്നത്. മുരളീ ഗോപിയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അടുത്തിടെ ചിത്രക്കുറിച്ച് നിരവധിയായ കള്ളപ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ ഒരു രംഗം എന്നു തോന്നുവിധമുള്ള ചില തിരക്കഥാ ഭാഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ലൂസിഫര്‍ ടീംതന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മോഹന്‍ലാലും പൃത്വിരാജും അടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

Read more:”രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ടോങ്”; ശ്രദ്ധേയമായി മധുരരാജയുടെ ടീസര്‍

അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.