മനോഹരം ‘മേര നാം ഷാജി’യിലെ ഈ ‘മര്‍ഹബാ…’ ഗാനം വീഡിയോ

March 22, 2019

വെള്ളിത്തരിയില്‍ ചിരിമയം നിറയ്ക്കാന്‍ എത്തുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്‍റില്‍മാന്‍ ഷാജിയുടെയും കഥ.

ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് മേര നാം ഷാജിയിലെ പുതിയ ഗാനം. ചിത്രത്തിലെ മര്‍ഹബ… എന്ന ഗാനത്തിന്റെ  വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ് ഗാനം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നതും ഗാനത്തെ ശ്രദ്ധേയമാക്കുന്നു. എന്തിരനിലെ കിളിമഞ്ചാരോ ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജാവേദ്. എന്നാല്‍ ഇത് ആദ്യമായാണ് ജാവേദ് ഒരു മലയാളം പാട്ട് ആലപിക്കുന്നത്. മനോഹരം എന്നാണ് ഗാനത്തെക്കുറിച്ച് പ്രേക്ഷകരുടെ പ്രതികരണം.

Read more:‘ഒന്നും മിണ്ടാതെ…’; കോടതിസമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം

ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷ ജാവേദിനെ പാട്ടിലെ മലയാളം വാക്കുകള്‍ പഠിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാനത്തിന്‍റെ മെയ്ക്കിങ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം മേര നാം ഷാജി എന്ന സിനിമയ്ക്കു വേണ്ടി ശ്രേയ ഘോഷാല്‍ ആലപിച്ച ഒരു ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. മലയാളവും തമിഴും ചേര്‍ത്തുകൊണ്ടുള്ള സുന്ദര ഗാനത്തിന്റെ വീഡിയോയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രേയ ഘോഷാലിനൊപ്പം രഞ്ജിത്തും ചേര്‍ന്നാണ് ആലാപനം. ഗാനത്തിലെ തമിഴ് വരികള്‍ ശ്രേയയും മലയാളം വരികള്‍ രഞ്ജിത്തും ആലപിച്ചിരിക്കുന്നു. എമില്‍ മുഹമ്മദാണ് സംഗീത സംവിധായകന്‍.

മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മേരാ നാം ഷാജിയുടെ ചിത്രീകരണം.

‘കഥയിലെ നായകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് ‘മേരാ നാം ഷാജി’യുടെ തിരക്കഥ. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.