‘ടേക്ക് ഓഫ്’ ടീം വീണ്ടും ഒന്നിക്കുന്നു, പാര്‍വ്വതിയും ഫഹദും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം; സംവിധാനം മഹേഷ് നാരായണന്‍

May 11, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പുതിയ ചിത്രമൊരുക്കുന്നു. പാര്‍വ്വതിയും ഫഹദ് ഫാസിലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ചേക്ക് ഓഫ്. ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി. പാര്‍വ്വതിക്കൊപ്പം തന്നെ ടേക്ക് ഓഫില്‍ ഫഹദ് ഫാസിലും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പാര്‍വ്വതിയും ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നതോടെ മികച്ച ചിത്രമായിരിക്കും വെള്ളിത്തിരയില്‍ ഒരുങ്ങുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

Read more:മഴ പോലെ ആസ്വാദകമനസിലേക്ക് പെയ്തിറങ്ങുന്നു ‘തൊട്ടപ്പനി’ലെ ഈ ഗാനം

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അതിരന്‍ എന്ന ചിത്രവും പാര്‍വ്വതി പ്രധാന കഥാപാത്രമായെത്തുന്ന ഉയരെ എന്ന ചിത്രവും. ഈ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വെള്ളിത്തിരയില്‍ സസ്‌പെന്‍സുകളുടെ മറ്റൊരു ലോകം തന്നെ ‘അതിരന്‍’ സൃഷ്ടിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍. ഫഹദ് ഫാസിലിനൊപ്പം അഭിനയത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് സായി പല്ലവിയും ചിത്രത്തില്‍. വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസിന്റെ 125 ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസിലും സായി പല്ലവിയും ചിത്രത്തിലെത്തുന്നത്.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. പല്ലവി എന്നാണ് ഉയരെ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം ഉയരെ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണനാണ്.