പ്രണയാർദ്രമായി ‘ഓർമ്മയിൽ ഒരു ശിശിര’ത്തിലെ ഗാനം; വീഡിയോ കാണാം..

May 12, 2019

പ്രണയത്തിന്റെ മനോഹാരിത അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല..മനോഹരമായ പ്രണയാഗാനങ്ങള്‍ക്കും എക്കാലത്തും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രക്ഷകര്‍ക്കിടയില്‍ പ്രണയത്തിന്റെ നൂൽ മഴ പെയ്തിറക്കുകയാണ് ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രത്തിലെ ഗാനം. ചിത്രത്തിലെ ‘പൂന്തെന്നലിൻ പുല്ലാം കുഴൽ നിന്നെക്കുറിച്ചൊന്ന് പാടി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഹരിചരണും, മെറിൻ ഗ്രിഗറിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് മനു മഞ്ജിതാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജാണ്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും  പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. പ്രണയത്തിന്റെ പവിത്രതയും , കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചിരിച്ചാണ്  ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയത്.

Read also: ‘കിരീടധാരണം ഇന്ന്’; ഐപിഎൽ മുബൈ-ചെന്നൈ ഫൈനൽ പോരാട്ടത്തിനൊരുങ്ങുമ്പോൾ…

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. ദീപക്കാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ  അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.