അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ബിഗ് ബി സൂപ്പര്‍ഹിറ്റ്: അമ്മപ്പാട്ടിന് കൈയടി

May 14, 2019

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ് താരം. മെയ് 12, ലോക മാതൃ ദിനത്തോട് അനുബന്ധിച്ചാണ് ബിഗ് ബിയും സംവധായകന്‍ ഷൂജിത് സര്‍കാരും ചേര്‍ന്ന് ‘മാ’ എന്ന ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച സ്വീകാര്യത നേടുന്നുണ്ട് ഈ ഗാനം.

അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു സമര്‍പ്പണമാണ് ഈ ഗാനം. അനുജ് ഗാര്‍ഗ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. പുനിത് ശര്‍മ്മയാണ് ഗാന രചന. അമിതാഭ് ബച്ചന്റെ അമ്മയുടേതടക്കം നിരവധി അമ്മമാരുടെ ചിത്രങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് അമിതാഭ് ബച്ചന്റെ പുതിയ ലുക്ക്. അറ്റം കെട്ടിയ നീട്ടി വളര്‍ത്തിയ വെളുത്ത താടി തന്നെയാണ് പുതിയ ലുക്കിലെ മുഖ്യ ആകര്‍ഷണം. അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ചെഹരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റാണ് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്നത്. സ്യൂട്ട് ധരിച്ച് കഴുത്തില്‍ ഷാള്‍ അണിഞ്ഞ് തലയില്‍ കമ്പിളി കൊണ്ടുള്ള തൊപ്പിയുമായാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബിയുടെ ഈ സ്‌റ്റൈലിഷ് ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read more:ജാങ്കോ നീ അറിഞ്ഞോ…, നമ്മുടെ അമ്മാമ്മേനെ സിനിമേല്‍ എടുത്തു: വീഡിയോ

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സരസ്വതി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആനന്ദ് പണ്ഡിത് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘ചെഹരേ’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2020 ഫെബ്രുവരി 21 ന് ചിത്രം തീയറ്ററുകളിലെത്തും.