അച്ഛനും രണ്ട് മക്കളും ഒരേ സിനിമയുടെ ഭാഗമാകുമ്പോള്‍; ‘കുട്ടിമാമ’ തീയറ്ററുകളിലേക്ക്

ചില കൗതുകങ്ങള്‍ ഒളിപ്പിച്ചുകൊണ്ടാണ് പലപ്പോഴും ചില സിനിമകള്‍ വെള്ളിത്തിരയിലെത്തുന്നത്. ഇത്തരത്തില്‍ ഒരു കൗതുകമുണ്ട് മെയ് 17 ന് തീയറ്ററുകളിലെത്തുന്ന ‘കുട്ടിമാമ’ എന്ന ചിത്രത്തിനും. അച്ഛനും രണ്ട് മക്കളും ഒരേ സിനിമയുടെ ഭാഗമാകുന്നു. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുമ്പോള്‍, ചിത്രത്തിന്റെ പിന്നണി ഗാന രംഗത്ത് സജീവമാണ് വിനീത് ശ്രീനിവാസന്‍. ഒരു വീട്ടിലെ മൂന്ന് പേരും ഒരേ സിനിമയുടെ ഭാഗമാകുമ്പോള്‍ പ്രേക്ഷകരും കുട്ടിമാമയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.

‘കുട്ടിമാമ’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് ശ്രീനിവാസനും വിനീത് ശ്രീനിവാസനുമാണ്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘തള്ളല്ല തള്ളല്ല…’ എന്ന ഗാനവും തോരാതെ…’ എന്നു തുടങ്ങുന്ന ഗാനവും വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.

വി എം വിനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനു സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രംകൂടിയാണ് ‘കുട്ടിമാമ’. അതേസമയം വി എം വിനു ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുമ്പ് പിറന്ന ‘മകന്റെ അച്ഛന്‍’, ‘യെസ് യുവര്‍ ഓണര്‍’ എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ‘മകന്റെ അച്ഛന്‍’ എന്ന ചിത്രത്തില്‍ ശ്രീനിവാസനോടൊപ്പം വിനീത് ശ്രീനുവാസനും പ്രധാന കഥാപാത്രമായെത്തിയിരുന്നു. അരവിന്ദന്‍റെ അഥിതികള്‍ എന്ന ചിത്രത്തിലും ഇരവരും ഒരുമിച്ചെത്തി. ഫുള്‍ ടൈം ഫാമിലി എന്റെര്‍റ്റൈനെര്‍ ആയ ചിത്രമാണ് ‘കുട്ടിമാമ’. ശ്രീ ഗോഗുലം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

‘കുട്ടിമാമ’ എന്ന പേര് പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കാരണം പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയ പേരാണ് കുട്ടിമാമ. ‘യോദ്ധ’ എന്ന ചിത്രത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ‘കുട്ടിമാമ ഞാന്‍ ഞെട്ടി മാമ…’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് മറക്കാനാകില്ല മലയാളികള്‍ക്ക്. ‘കുട്ടിമാമ’ എന്ന പുതിയ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Read more:പത്മരാജന്‍ പുരസ്‌കാര നിറവില്‍ ‘സുഡാനി ഫ്രം നൈജീരിയ

എന്നാല്‍ ‘യോദ്ധ’യിലെ കുട്ടിമാമയുമായി ഈ ചിത്രത്തിന് ബന്ധമൊന്നുമില്ല. തള്ള് വീരനായ ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ചിത്രത്തില്‍ ശ്രീനിവാസനാണ് കുട്ടിമാമയായി എത്തുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘വിമാനം’ എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതയായ ദുര്‍ഗ കൃഷ്ണയും ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയമായ മീര വാസുദേവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *