കൊതിയൂറും ചക്ക വിഭവങ്ങളുമായി ചക്കവണ്ടി നിരത്തുകളിലേക്ക്

കേരളത്തില്‍ ചക്ക ഇഷ്ടമില്ലാത്തവര്‍ കുറവാണ്. കൊതിയൂറും രുചിയുള്ള ചക്ക വിഭവങ്ങളും ഇന്ന് നിരവധിയാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലം പോലും ചക്കയാണല്ലോ. ഉള്ളിലെ കുരു തൊട്ട് പുറത്തെ തൊലി വരെ ഉപയോഗിക്കാം എന്നതാണ് ചക്കയുടെ ഒരു പ്രധാന മേന്മ തന്നെ. ഇങ്ങനെ നീളുന്നു ചക്ക പുരാണങ്ങള്‍. ചക്കപ്രേമികള്‍ക്കായി തിരുവനന്തപുരം നഗരത്തില്‍ നിരത്തിലിറങ്ങിയിരിക്കുകയാണ് ഒരു ചക്ക വണ്ടി.

ഇരുനൂറോളം ചക്ക വിഭവങ്ങളുമായിട്ടാണ് ചക്കവണ്ടിയുടെ വരവ്. നബാര്‍ഡിന്റെ സഹായത്തോടെ സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം രൂപീകരിച്ച പ്ലാവ് കര്‍ഷകരുടെ സംരംഭമായ പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ആദ്യ സംരംഭമാണ് ഈ ചക്ക വണ്ടി. വിധ തരത്തിലുള്ള ചക്ക ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും എന്നതാണ് ചക്ക വണ്ടിയുടെ പ്രത്യേകത.

ചക്കപ്പുഴുക്ക്, ചക്ക ഹല്‍വ, ചക്ക അട, ചക്ക കൊണ്ടാട്ടാം, ചക്ക സൂപ്പ്, ചക്കക്കുരു ചുക്കു കാപ്പി, ചക്ക ഉപ്പേരി, ചക്ക പാനിയം, ചക്ക ഐസ്‌ക്രീം ഇങ്ങനെ നീളുന്നു ചക്കവണ്ടിയിലെ വിവിധ വിഭവങ്ങള്‍. കഴിഞ്ഞ ദിവസം മുതല്‍ ഓടിത്തുടങ്ങിയ ചക്ക വണ്ടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read more:കട്ടത്താടിയും കളര്‍ഫുള്‍ ലുക്കുമായി പൃഥ്വിരാജ്; ‘ബ്രദേഴ്‌സ്‌ഡേ’യുടെ ഫസ്റ്റ് ലുക്ക്

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മന്ത്രി വി എസ് സുനില്‍ കുമാറാണ് ചക്ക വണ്ടിയുടെ യാത്രയ്ക്ക് തുടക്കം കുറിച്ചത്. സ്റ്റാച്യു, പാളയം, മ്യൂസിയം, കിഴക്കേക്കോട്ട തുടങ്ങി തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചക്ക വണ്ടിയെത്തും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് ചക്കവണ്ടി നഗരത്തിലുണ്ടാവുക.

ചക്ക വണ്ടിയില്‍ നിന്നും ലഭിക്കുന്ന ചക്ക പുഴുക്കിനൊപ്പം കഞ്ഞിയും നല്ല ഒന്നാന്തരം മീന്‍കറിയും ഇടിച്ചമ്മന്തിയും കിട്ടും. ചക്ക വിഭവങ്ങളിലൂടെയും ചക്ക സദ്യയിലൂടെയും ശ്രദ്ധേയനായ ഇടിച്ചക്കപ്ലാമൂട് എച്ച് എം റഫീക്കാണ് ചക്ക വണ്ടിയിലെ പ്രധാന ഷെഫ്. ഇതിനുപുറമെ ശാന്തിഗ്രാമില്‍ നിന്നും പരിശീലനം നേടിയ വീട്ടമ്മമാരും വിവിധ വിഭവങ്ങളുമായി ചക്ക വണ്ടിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *