20 ലക്ഷത്തിലധികം കാഴ്ചക്കാര്‍; ‘കലങ്ക്’ ലെ ഗാനം ശ്രദ്ധേയമാകുന്നു

May 16, 2019

തീയറ്ററുകളില്‍ മികച്ച സ്വീകാര്യത നേടുന്ന ചിത്രമാണ് ‘കലങ്ക്’. അഭിഷേക് വര്‍മ്മന്‍ സംവിധാനം നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രമാണ് ഇത്. വരുണ്‍ ധവാന്‍ പ്രധന കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു മനോഹര ഗാനം.

ഘര്‍ മോര്‍ പര്‍ദേസിയ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രേയ ഘോഷാലും വൈശാലി മഹദയും ചേര്‍ന്നാണ് ആലാപനം. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിലെ വരികള്‍ രചിച്ചിരിക്കുന്നത്. ആലിയ ഭട്ടും മാധുരി ദീക്ഷിതുമാണ് പുതിയ ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. ആലിയ ഭട്ടിന്റെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തെ മുഖ്യ ആകര്‍ഷണം. പ്രിതം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

സ്വാതന്ത്രത്തിന് മുന്‍പുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകള്‍ ടീസര്‍ കണ്ടിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കലങ്കിന്റെ ട്രെയ്‌ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഏപ്രില്‍ 17നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

Read more:പത്മരാജന്‍ പുരസ്‌കാര നിറവില്‍ ‘സുഡാനി ഫ്രം നൈജീരിയ’

അതേസമയം ചിത്രം തന്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്നുവെന്നും ഇത് പൂര്‍ത്തിയാകുന്നതോടെ തന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കുകയെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്മുമ്പ് കരണ്‍ ജോഹറിന്റെ പിതാവ് യാഷ് ജോഹര്‍ കണ്ട സ്വപ്നമാണ് കലങ്ക് എന്ന ചിത്രം. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു.