ഒരിക്കലും നടക്കില്ലായെന്ന് പലരും പറഞ്ഞിരുന്നു, എന്നാലിന്ന് മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നു, വൈറലായി ഒരു കുറിപ്പ്

മോഹൻലാൽ ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മോഹൻലാൽ എന്ന നടനോട് ആരാധകർക്കുള്ള സ്നേഹം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല.. വർഷങ്ങൾ നീണ്ട സിനിമ ജീവിതം അദ്ദേഹത്തിന് നേടികൊടുത്തതാണ്. മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിനെ വെച്ച് ഒരു സിനിമ ചെയ്യുകയെന്നത് സംവിധാനം ആഗ്രഹിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ്. പക്ഷെ ഒരു തുടക്കകാരനെ സംബന്ധിച്ച് അത്ര പെട്ടന്നൊന്നും എത്തപെടാൻ സാധിക്കാത്ത ഒരു സ്ഥലമാണ് മോഹൻലാലിനെവെച്ചുള്ള സിനിമ. എന്നാൽ ആദ്യ സിനിമ തന്നെ മോഹൻലാലിനെവച്ച് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജിബി ജോബി എന്ന ഇരട്ട സഹോദരങ്ങൾ.

ജിബി ജോബി കൂട്ടുകെട്ടിൽ വിരിയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്നത്. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തൃശൂർക്കാരനായാണ് ലാൽ എത്തുന്നത്. അതേസമയം തന്റെ സിനിമ സംവിധാനത്തിലെ സന്തത സഹചാരി ജോബിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തെക്കുറിച്ചും, മോഹൻലാൽ എന്ന നടനെവച്ച് ചിത്രം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവും പങ്കുവെയ്ക്കുകയാണ് ജിബി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

പ്രീഡിഗ്രി കാലം തൊട്ടേ സിനിമ എന്റെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു മോഹമായി മാറി. പല അവസരങ്ങളും കൈവെള്ളയിൽ നിന്ന് അവസാന നിമിഷം തെന്നി മാറി. സിനിമയ്ക്ക് ആയി വർഷങ്ങളോളം അലഞ്ഞെങ്കിലും അവസാനം ഷോർട് ഫിലിമിലും, പരസ്യ ചിത്രങ്ങളിലൂടെയും ഞാൻ തുടക്കം കുറിച്ചു. അങ്ങനെ ഞാൻ ആദ്യമായി പ്രവർത്തിച്ച പരസ്യ ചിത്രത്തിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ജിബിച്ചേട്ടൻ. ചില ആളുകളുമായുള്ള നമ്മുടെ ആത്മബന്ധം വാക്കുകൾക്ക് അതീതമായിരിക്കും. ഒരു തുടക്കകാരന് അസ്സിസ്റ്റന്റിനു ലഭിക്കാവുന്ന എല്ലാ റാഗിങ്ങും ജിബിയേട്ടന്റെ കയ്യിൽ നിന്നും എനിക്ക് കിട്ടി. ഞാൻ നല്ല ഒരു ഇര ആണെന്ന് ജിബിച്ചേട്ടന് മനസിലായി. അങ്ങനെ തുടങ്ങിയ റാഗിംഗ് ഒരു വലിയ സ്നേഹ ബന്ധത്തിലേക്ക് വഴിയൊരുക്കി. ആ ബന്ധം പിന്നീട് ഫോൺ കോളുകളിലേക്കും നീങ്ങി.

യഥാർത്ഥത്തിൽ ജിബിച്ചേട്ടൻ എനിക്ക് ഒരു സുഹൃത്ത് മാത്രമല്ല, പുതിയതായി വരുന്ന അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സിന് സിനിമയെ പറ്റി യാതൊരു വിധ ധാരണയും ഉണ്ടാവില്ല. എന്താണ് ഷോട്ട്സ്, എന്താണ് ഫ്രെയിംസ്, എന്താണ് മിഡ്‌ഷോട്ട് എന്നിങ്ങനെയുള്ള എല്ലാ ടെക്നിക്കൽ വശങ്ങളും എനിക്ക് പഠിപ്പിച്ചു തന്നത് ജിബിച്ചേട്ടൻ ആണ്. അങ്ങനെ നോക്കുക ആണെങ്കിൽ സിനിമയിലെ എന്റെ ആദ്യ ഗുരു ജിബിച്ചേട്ടൻ ആണ്. ടെക്നിക്കൽ വശങ്ങളിൽ മാത്രമല്ല, സിനിമയിൽ എങ്ങനെ നിൽക്കണം, എങ്ങനെ പെരുമാറണം, എന്ത് ശരി എന്ത് തെറ്റ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും പറഞ്ഞു പഠിപ്പിച്ചു തന്നത് ജിബിച്ചേട്ടൻ ആണ്. പിന്നീട് സെറ്റിന് അകത്തും പുറത്തും ഞങ്ങൾ നല്ല സുഹൃത്ത് ബന്ധങ്ങൾ നിലനിർത്തി. പരസ്പരം ഒരുപാട് തമാശകൾ പറഞ്ഞിരുന്നു. ഞങ്ങൾ 5 കൊല്ലത്തോളം നിരവധി പരസ്യങ്ങളുടെയും മറ്റും ഭാഗമായി.

അപ്പോഴും സിനിമ എന്ന സ്വപ്നം എനിക്ക് അന്യം നിന്ന് പോയിരുന്നു. അങ്ങനെയിരിക്കെ ആദ്യമായി എന്നെ സിനിമയിലേക്ക് വിളിക്കുന്നത് ജിബിച്ചേട്ടൻ ആണ്. മണിച്ചേട്ടൻ നായകൻ ആയ സുനിൽ സംവിധാനം ചെയ്ത “കഥ പറയും തെരുവോരം” എന്ന ചിത്രത്തിലേക്ക് ക്ലാപ് അസിസ്റ്റന്റ് ആയിട്ടാണ് ജിബിച്ചേട്ടൻ എന്നെ കൊണ്ട് വന്നത്. ആ ചിത്രത്തിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ജിബിയേട്ടൻ. ശമ്പളത്തേക്കാൾ ജിബിയേട്ടനോടൊപ്പം വർക്ക് ചെയ്യുന്നതിൽ ഞാൻ ഒരുപാട് സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ 12 ഓളം സിനിമകൾ ഞങ്ങൾ ഒന്നിച്ചു അസ്സോസിയേറ്റ്സ് ആയി വർക്ക് ചെയ്തു. അങ്ങനെ ഇരിക്കെ ബാല നായകനായി അഭിനയിച്ച ‘SMS’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച് ആണ് JIBI JOJU എന്ന പേരിൽ ഒരു ഇരട്ട സംവിധാന കൂട്ടായ്മ തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്. ഒരുപാട് സിനിമകളുടെ ചർച്ച നടന്നെങ്കിൽ പോലും ഒന്നും സംഭവിച്ചില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷം ഞങ്ങൾ അതിനെ പറ്റി വളരെ ഗൗരവമായി ചിന്തിച്ചു.

അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ ഒരു കൂട്ടായ്മ ഇന്ന് ലോക സിനിമ കണ്ട ഏറ്റവും വലിയ ഒരു നടന്റെ ഒപ്പം സിനിമ ചെയുന്നു. ഇതിനെല്ലാം എനിക്ക് താങ്ങായും തണലായും ഒപ്പം നിന്ന എന്റെ ജേഷ്ഠസഹോദരന് ജന്മദിനാശംസകൾ. ഇനിയും ഒരുപാട് ജന്മദിനങ്ങൾക്ക് ഒപ്പം കൂടാൻ എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സ്വന്തം അനിയൻ -ജോജു

Leave a Reply

Your email address will not be published. Required fields are marked *