ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ദ് സോയ ഫാക്ടര്‍’ സെപ്തംബറില്‍

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഹിന്ദി ചിത്രമാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്തംബറില്‍ തീയറ്ററുകലിലെത്തും. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങളെ ഓര്‍മ്മപ്പെടുത്തും വിധമാണ് ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ പുതിയ ലുക്ക്.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. വിത്യസ്തമായ ഹെയര്‍സ്‌റ്റൈലിലും കാതു കുത്തിയുമാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിഖില്‍ എന്നാണ് ദ് സോയ ഫാക്ടര്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള തന്റെ പുതിയ ലുക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ റിലീസും താരം തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചു. ‘ദ് സോയ ഫാക്ടര്‍’ എന്ന സിനിമയ്ക്കുവേണ്ടി ക്രിക്കറ്റ് പരിശീലിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു.

Read more:പൂരക്കാഴ്ചകളുമായി ‘ദ് സൗണ്ട് സ്റ്റോറി’യിലെ ഗാനം; വീഡിയോ

അഭിഷേക് ശര്‍മ്മയാണ് ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അനുജ ചൗഹാന്‍ രചിച്ച ‘ദ് സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിനം ജനിച്ച പെണ്‍കുട്ടി, തുടര്‍ന്ന് ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും ശേഷം അവള്‍ ഒരു ഭാഗ്യരാശിയായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ‘കര്‍വാന്‍’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.