പെണ്‍പുസ്തകങ്ങളുടെ ലൈബ്രറിയുമായി ഈ യുവതി

തലവാചകം കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. എങ്കിലും കാര്യം സത്യമാണ്. അക്വി താമി  എന്ന യുവതി നേതൃത്വം നല്‍കുന്ന ലൈബ്രറി പെണ്‍പുസ്തകങ്ങളുടെ വായനശാലയാണ്. പെണ്ണെഴുത്തുകള്‍ വായനക്കാര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലങ്ങള്‍ കുറച്ചേറെയായി. എങ്കിലും സ്ത്രി അഥവാ പെണ്ണ് എന്ന് ഉറക്കെ ഉച്ചരിച്ചാല്‍, സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അവരെയൊക്കെ ഫെമിനിച്ചി എന്ന വാക്കുകൊണ്ട് തളയ്ക്കാനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവരൊക്കെ അറിയണം അക്വി താമിയെക്കുറിച്ച്.

ആര്‍ടിസ്റ്റും ആക്ടിവിസ്റ്റുമാണ് അക്വി താമി. സാമൂഹിക പ്രതിബദ്ധത വേണ്ടുവോളം ഉള്ള യുവതി. താമി നേതൃഥ്വം നല്‍കുന്ന സിസ്റ്റര്‍ ലൈബ്രറിക്ക് ഒരു ലക്ഷ്യമുണ്ട്. സമൂഹത്തില്‍ നടമാടുന്ന പുരുഷാധിപത്യത്തെക്കുറിച്ച് അറിയാനും ചര്‍ച്ച ചെയ്യാനുമായി സ്ത്രീകള്‍ക്ക് ഒത്തുകൂടാനുള്ള ഒരു ഇടമാണ് സിസ്റ്റര്‍ ലൈബ്രറി. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഓണ്‍ഡ് ഫെമിനിസ്റ്റ് ലൈബ്രറിയാണ് സിസ്റ്റര്‍ ലൈബ്രറി എന്ന ഈ വായനശാല.

Read more:20 വര്‍ഷംകൊണ്ട് 40 ലക്ഷം മരങ്ങള്‍ നട്ടുവളര്‍ത്തി ഈ ദമ്പതികള്‍; പ്രകൃതിസ്‌നേഹത്തിന്റെ അറിയാക്കഥ

മുംബൈയിലെ ബാന്ദ്രയ്ക്കടുത്താണ് ഈ വായനശാല. അറുനൂറോളം പുസ്തകങ്ങള്‍ ഉണ്ട് ഇവിടെ. സ്ത്രീകള്‍ രചിച്ചിട്ടുള്ളതാണ് ഈ അറുനൂറ് പുസ്തകങ്ങളും. ഗ്രാഫിക് നോവലുകള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, കവിത തുടങ്ങിയവയെല്ലാം ഉണ്ട് സിസ്റ്റര്‍ ലൈബ്രറിയില്‍. സിസ്റ്റര്‍ ലൈബ്രറിയിലെ പല പുസ്തകങ്ങളും അക്വി താമിയുടെ സ്വന്തം പുസ്തക ശേഖരത്തില്‍ നിന്നുള്ളവയാണ് എന്നതാണ് മറ്റൊരു കൗതുകം.സിസ്റ്റര്‍ ലൈബ്രറിയിലെ പുസ്തക ശേഖരങ്ങളുമായി ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിക്കാറുണ്ട് ഈ യുവതി. പുനെ, ബംഗ്ലൂരു എന്നുവേണ്ട, കൊച്ചി മുസ്സരീസ് ബിനാലെയില്‍ വരെ സിസ്റ്റര്‍ ലൈബ്രറി എത്തിയിട്ടുണ്ട്.

മനോഹരങ്ങളായ പെണ്ണെഴുത്തുകള്‍ തനിക്കെന്നും കരുത്ത് പകരാറുണ്ടെന്നാണ് താമിയുടെ വിലയിരുത്തല്‍. ഈ അനുഭവം മറ്റുള്ളവരിലേക്കും പങ്കുവയ്ക്കണം എന്ന ആശയത്തില്‍ നിന്നുമാണ് താമി സിസ്റ്റര്‍ ലൈബ്രറി ആരംഭിക്കുന്നതും. സ്ത്രീകള്‍ക്കായി ഇതുപോലെ ഒരിടം ഇന്ത്യയില്‍ എല്ലായിടത്തും ആവശ്യമാണെന്നും താമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *