വരവറിയിച്ച് മോഹന്‍ലാല്‍- സൂര്യ കൂട്ടുകെട്ട്; കൈയടി നേടി ‘കാപ്പാനി’ലെ ഗാനം

July 20, 2019

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. ചിത്രത്തിലെ ‘കുരിലേ…കുരിലെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കബിലിന്റേതാണ് ഗാനത്തിലെ വരികള്‍. ജാവേദ് അലിയും ദര്‍ശനയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

‘കാപ്പാന്‍’ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെ.വി ആനന്ദാണ് ‘കാപ്പാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും ചിത്രത്തിലെത്തുന്നു. ആര്യ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും.

Read more:“മനസറിഞ്ഞു വിളിച്ചാല്‍ തിരിച്ചുവരാത്ത ഒരു മൊഹബ്ബത്തും ദുനായാവിലില്ല”; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ടീസര്‍

സയേഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ആര്യ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘കാപ്പാന്‍’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി,ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായിരുന്നു കാപ്പാന്‍ എന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കിലാണ് കാപ്പാന്‍ ഒരുക്കുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 30 ന് ചിത്രം തീയറ്ററുകളിലെത്തും.