ഐസിസിയുടെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം, ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി

July 24, 2019

ക്രിക്കറ്റ് എന്നത് ഇന്ത്യക്കാര്‍ക്ക് വെറും ഒരു കായക ഇനം മാത്രമല്ല. നെഞ്ചിനകത്ത് ഇടംപിടിച്ച ഒരു ആവേശംകൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ തേടിയെത്തിയിരിക്കുകയാണ് മറ്റൊരു വാര്‍ത്ത കൂടി. ഐസിസി പുറത്ത് വിട്ട ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ നേട്ടം കൊയ്തിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങളും ഇന്ത്യന്‍ ടീമും.

ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. റാങ്കിങില്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തുണ്ട്. അതേസമയം ടീം റാങ്കിങില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Read more:നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണ്ണനീയമായ സന്തോഷമാണ് ; ആനിയ്ക്ക് ആശംസകളുമായി ഷാജി കൈലാസ്‌

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പട്ടികയില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെക്കാള്‍ ഒമ്പത് പോയിന്റ് കുറവാണ് കെയ്ന്‍ വില്യംസിന്. ടെസ്റ്റ് ടീം റാങ്കിങില്‍ ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമുണ്ട്.

അതേസമയം ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഉണ്ട്. വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുണ്ട്.

Read more:ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ടു മുന്നോട്ട് പാഞ്ഞ് കാറ്; അത്ഭുതകരമായി മൂന്നുപേരെ രക്ഷിച്ച് ടാക്‌സി ഡ്രൈവര്‍; വീഡിയോ

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ആറാം സ്ഥാനം നേടി. അശ്വിന്‍ പത്താം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സനുമാണ്.