നായകനും നിര്‍മ്മാതാവും പൃഥ്വിരാജ്; ‘ഡ്രൈവിങ് ലൈസന്‍സ്’ ഒരുങ്ങുന്നു

July 12, 2019

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം വരുന്നു. ‘ഡ്രൈവിങ് ലൈസന്‍സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ സുപ്രിയ മേനോനാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.

സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തില്‍ നായകകഥാപാത്രമായി എത്തുന്നതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

Read more:മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്ളവേഴ്‌സ് ടിവി; ‘അനന്തരം’ ഞായറാഴ്ച രാവിലെ 9 മണി മുതല്‍

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍(9)’ ആയിരുന്നു താരം നിര്‍മ്മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.


അതേസമയം പൃഥ്വിരാജ് നായകനായെത്തുന്ന മറ്റ് ചിത്രങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. ബ്രദേഴ്‌സ് ഡേയാണ് താരം പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതിനുപുറമെ ബ്ലസി സംവിധാനം നിര്‍വ്വഹിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിലും പൃഥ്വിരാജാണ് നായക കഥാപാത്രമായെത്തുന്നത്. ഈ ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്.