‘എത്ര മനോഹരം ഈ കുഞ്ഞുപ്രണയം’, മാർക്കോണി മത്തായിയിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ; വീഡിയോ

July 8, 2019

ജയറാമും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോണി മത്തായി.  ജനപ്രിയ നടൻ ജയറാമിനൊപ്പം വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ   പ്രധാന പ്രത്യേകത. ചിത്രത്തിൽ  താരങ്ങൾക്കൊപ്പം മാസ്റ്റർ അൽസാബിത്തും എത്തുന്നുണ്ട്. ഫ്ളവേഴ്‌സ് ടി വിയിലെ ‘ഉപ്പും മുളകും’ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അൽസാബിത്. ഉപ്പും മുളക് പരമ്പരയിലെ കഥാപാത്രം കേശു എന്നാണ് താരം അറിയപ്പെടുന്നതുപോലും.

ഇപ്പോഴിതാ കേശു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഏറെ ശ്രദ്ധേയമാകുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ ഗാനം ഇതിനോടകം രണ്ടര ലക്ഷത്തില്‍ പരം ആളുകള്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. കെ. എസ് ഹരിശങ്കറാണ് ഗായകന്‍.

ചിത്രം ഈ മാസം 12 ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം മികച്ച സ്വീകാര്യത നേടുന്നുണ്ട്. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം റേഡിയോയ്ക്കും ഈ സിനിമയില്‍ പ്രാധാന്യം ഉണ്ട്.

Read more: ഇതാണ് പൃഥ്വിരാജ് ബ്രില്ല്യൻസ്; ലൂസിഫറിലെ കൈയ്യടിനേടിയ ആ രംഗത്തിന് പിന്നിൽ , വീഡിയോ

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.