“ആദ്യം ചെയ്ത സീന്‍ തുടക്കംതന്നെ ഞാന്‍ സീനാക്കി”; സെറ്റിലെ വിശേഷങ്ങള്‍ പങ്കുവച്ച് ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ സ്റ്റെഫി

”അവള്‍ക്കൊരു വികാരവും ഇല്ലെന്നേ… എന്ത് ചോദിച്ചാലും ഉം ഉം എന്ന് മൂളിക്കൊണ്ടിരിക്കും” തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ ജെയ്‌സണ്‍ ഇങ്ങനെ പറഞ്ഞത് ആരേക്കുറിച്ചാണ് എന്ന് ഓര്‍മ്മയില്ലേ… സ്‌റ്റെഫിയെക്കുറിച്ച്. ചിത്രത്തില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രമേ സ്റ്റെഫി പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും ആ കഥാപാത്രത്തിന്റെ ആഴവും പരപ്പും ചോരാതാ അവതരിപ്പിക്കാന്‍ ഗോപിക രമേഷ് എന്ന താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗോപിക.

“ന്റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീന്‍…തുടക്കം തന്നെ ഞാന്‍ സീനാക്കി.. കഥ ഞാന്‍ പറഞ്ഞ് തരാം…. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാന്‍ ഒന്നര മണിക്കൂര്‍ വൈകി…??എല്ലാരും വിളിയോട് വിളി…എജ്ജാതി തുടക്കം അല്ലെ… ലേറ്റായാലും ഞാന്‍ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്…. വന്നപാടേ sinnop chettanm ജോണേട്ടനെത്തി വൈപ്‌സുമായിട്ട്…മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു.. കണ്ണെഴുതി വന്ന ഞാന്‍ പ്ലിംഗ്!! എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാന്‍ വായിച്ചെടുത്തു… ജോണേട്ടന്നെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്റെ ആദ്യ സീനിനായി ഇരുക്കുമ്പോ ..ദാ….മുമ്പില്‍ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫര്‍ ജോമോണ്‍ ടി ജോണ്‍ …പിന്നെ എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു… സന്തോഷം വാനോളമായിരുന്നു…വൈകിയെത്തിയതിന്റെ ഒരു കുറ്റബോധം മനസ്സിന്റെ ഉള്ളിന്റെയുള്ളില് കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു…സോ ആ സീന്‍ നൈസായിട്ട് തന്നെ ചെയതു….ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങള്‍ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേള്‍ക്കുമ്പോഴും മനസ്സ് നിറയുന്നു. അതുമാത്രല്ല…അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും.”

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിയ്ക്കുന്നതും.