പ്രണയാര്‍ദ്ര ഭാവങ്ങളില്‍ പ്രഭാസും ശ്രദ്ധ കപൂറും; കൈയടി നേടി ‘സഹോ’യിലെ പ്രണയഗാനം

സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് സഹോയിലെ പുതിയ പ്രണയഗാനം. ചിത്രത്തിലെ ‘ബേബി വോന്റ് യു ടെല്‍ മി…’ എന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്വേത മോഹന്‍, സിദ്ധാര്‍ത്ഥ് മഹാദേവന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രഭാസിന്റെയും ശ്രദ്ധ കപൂറിന്റെയും പ്രണയാര്‍ദ്ര ഭാവങ്ങള്‍ തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. ദൃശ്യ ഭംഗിയിലും ഈ പ്രണയഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ എന്നാണ് സൂചന. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടിയോളം രൂപ ചെലവായതായാണ് സൂചന. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.