‘എനിക്ക് നിവര്‍ന്ന് നിന്ന് ഡാന്‍സ് ചെയ്യണം ചേട്ടാ… ചത്താലും വേണ്ടില്ല’ ഹൃദയംതൊടും ഭാര്യയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ ഈ കുറിപ്പ്

October 18, 2019

ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളു വെല്ലുവിളികളും വരുമ്പോഴേയ്ക്കും തളര്‍ന്നു പോകുന്നവരാണ് പലരും. എന്നാല്‍ ചിലരുണ്ട്, കനത്ത വെല്ലുവിളികളോടും പ്രതിസന്ധികളോടും പോരാടി സമൂഹത്തിന് മുമ്പില്‍ അതിജീവനത്തിന്റെ കഥ പറയുന്നവര്‍. ഇത്തരമൊരു അതിജീവനത്തിന്റെ കഥ പറയാനുണ്ട് ഭവ്യയ്ക്കും. വില്ലനായ രോഗത്തെ പൊരുതി തോല്‍പിച്ച ഒരു നര്‍ത്തകിയുടെ വിജയ കഥ. സ്‌കോളിയോസിസ് രോഗത്തെ തോല്‍പിച്ച ഭവ്യയുടെ ജീവിതത്തെക്കുറിച്ച് ഭര്‍ത്തവ് വിനോദ് പങ്കുവച്ച കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അനേകര്‍ക്ക് പ്രചോദനമേകുന്നുണ്ട് വിനോദിന്റെ ഈ കുറിപ്പ്. ഒക്ടോബര്‍ 16 നാണ് വിനോദ് ഈ കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

കുറിപ്പ് വായിക്കാം

October 16, വേള്‍ഡ് സ്‌പൈന്‍ ഡേ, എന്നെ സംബന്ധിച്ച് കുറച്ച് വര്‍ഷം മുന്‍പ് വരെ ഈ ദിവസം ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുള്ളതോ ഓര്‍ക്കപ്പെടുന്നതായ ദിവസമായിരുന്നില്ല. പക്ഷെ, ഇന്നങ്ങനെയല്ല. സ്‌പൈന്‍ അഥവാ നട്ടെലിനെ സംബന്ധിക്കുന്ന എന്ത് കണ്ടാലും ശ്രദ്ധിക്കും. അതിനു കാരണക്കാരി എന്റെ പത്‌നി തന്നെ. സ്‌കോളിയോസിസ് രോഗം ബാധിച്ച് 48 ഡിഗ്രി വളവുമായി കിംസിലെ ഡോക്ടര്‍ രഞ്ജിത് ഉണ്ണികൃഷ്ണന്‍ സാറിനെ കാണാന്‍ പോകുമ്പോള്‍ ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. 10 മണിക്കൂര്‍ സര്‍ജറി അതിനുള്ള ചിലവ് എന്നൊക്കെ കേട്ടപ്പോള്‍ സത്യത്തില്‍ തലയില്‍ ആകെയൊരു കനമായിരുന്നു. പക്ഷേ അവള്‍ ഭയങ്കര കോണ്‍ഫിഡന്റ് ആയിരുന്നു. എനിക്ക് നിവര്‍ന്ന് നിന്ന് ഡാന്‍സ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല. എന്റെ വളവിനെ അറിഞ്ഞും അറിയാതെയും പരിഹസിക്കുന്നവര്‍ക്ക് മുന്നില്‍ എനിക്ക് നിവര്‍ന്ന് നിന്ന് ഡാന്‍സ് കളിക്കണം. ഞാന്‍ സമ്മതം മൂളിയില്ല. പക്ഷേ അവള്‍ എന്തിനും തയ്യാറായിരുന്നു.

ഒരു ദിവസം രാവിലെ വിളിച്ച് ഞാന്‍ നാളെ അഡ്മിറ്റ് ആകും മറ്റന്നാല്‍ സര്‍ജറി, എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി പൈസ സംഘടിപ്പിക്കാന്‍ ഓട്ടമായി. ഇന്‍ഷൂറന്‍സ് ഉണ്ട്. ഒരു പരിധി വരെ അതു സഹായിക്കും. എന്നാലും വേണം കാശ്. ഒറ്റ ദിവസം കൊണ്ട് സംഭവം റെഡിയാക്കി. അടുത്ത ദിവസം ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ എം ആര്‍ ഐ ഉള്‍പ്പെടെയുള്ള എല്ലാ ചെക്കപ്പും കഴിഞ്ഞ് ക്ഷീണിതയായി കിടക്കുകയായിരുന്നു.

എനിക്ക് വയ്യ ഏട്ടാ എന്നു മാത്രം പറഞ്ഞു.

സിസ്റ്റര്‍ ഒരു പേപ്പര്‍ കൊണ്ടുവന്നു. വരുംവരായ്കകള്‍ പറഞ്ഞുകൊണ്ടുള്ള സമ്മതപത്രമായിരുന്നുവത്. അത് വായിച്ചപ്പോള്‍ കൂടുതല്‍ ടെന്‍ഷനായി. നാളെ അവള്‍ ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല എന്നുറപ്പിച്ചു. മോനെയും തോളില്‍ കിടത്തി അവളുടെ കിടക്കയ്ക്കരികില്‍ ഇരുന്നു. ഉറക്കം വന്നില്ല. അങ്ങനെ നേരം വെളുപ്പിച്ചു. കൃത്യം 6 മണിയ്ക്ക് ഡ്രസ് ചെയ്ഞ്ച് ചെയ്യിച്ച് അവളെ കൊണ്ടു പോകുമ്പോള്‍ ഒന്നു കരയാന്‍ തോന്നി. പക്ഷേ അപ്പോള്‍ ഞാന്‍ കരഞ്ഞാല്‍ അവള്‍ തളര്‍ന്ന് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. മണിക്കൂറുകള്‍ കടന്നു പോയി. ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു.

വൈകുന്നരം നാലര മണി കഴിഞ്ഞപ്പോള്‍ ഓപ്പറേഷന്‍ തിയറ്ററിലേക്ക് വിളിച്ചു. സര്‍ജറി കഴിഞ്ഞു. കാലൊക്ക അനങ്ങുന്നുണ്ട്. താറ്റ് മീന്‍സ് ശരീരം തളര്‍ന്നിട്ടൊന്നുമില്ല. കാണണമെങ്കില്‍ ട്രോമ ഐസിയുവിലേക്ക് വന്നാല്‍ കാണാം. എന്ന് ഡോക്ടര്‍ പറഞ്ഞു.
നേരെ ഓടി ഐസിയുവിലേക്ക് അകത്ത് കയറി ഡോക്ടര്‍ എന്തോ എഴുതുന്നു. അപ്പോള്‍ കണ്ട കാഴ്ച സത്യത്തില്‍ ഞെട്ടിച്ചു. സര്‍ജറി കഴിഞ്ഞ് ബോധം വന്നിട്ടില്ലാത്ത ഭവ്യയെ രണ്ട് പേര്‍ പിടിച്ച് നടത്തിക്കുന്നു. ഇതെന്താ ഡോക്ടര്‍ എന്ന് ചോദിച്ചപ്പോള്‍ ഒന്നും സ്റ്റിഫായി പോകാതിരിക്കാന്‍ നടത്തിച്ചതാണ്. ഇനി എല്ലാം ദിവസവും നടത്തിക്കും അല്ലാതെ ഇതിന് റെസ്റ്റ് ഒന്നുമില്ല.

ഒന്നു കണ്ടിറങ്ങി. പിന്നെ ഒരാഴ്ച ആശുപത്രിയില്‍ അവള്‍ക്ക് നല്ല വേദനയുണ്ടായിരുന്നു. മൂന്ന് നേരം ഫിസിയോതെറാപിസ്റ്റ് വന്ന് ആശുപത്രിയില്‍ നടത്തിക്കും. അവളുടെ കൈയ്യില്‍ Drainന്റെ കുപ്പി, മൂത്രത്തിന്റെ സഞ്ചി എല്ലാം ഉണ്ടാകും. ഒപ്പം നടക്കാന്‍ ഞാനും മോനും. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഇവിടുന്ന് നടന്ന് വേണം ഇറങ്ങി പോകാന്‍ എന്ന ഡോക്ടറിന്റെ നിര്‍ദേശം അക്ഷരം പ്രതി അനുസരിച്ച് അവള്‍ ഹോസ്പിറ്റല്‍ വിട്ടു. പിന്നെ അമ്മയും ദിവ്യ ചേച്ചിയും വീട്ടില്‍ പൊന്നുപോലെ ശുശ്രൂഷിച്ചു. ഒന്നരമാസം കഴിഞ്ഞപ്പോള്‍ വീട്ടിലെ ഡാന്‍സ് ക്ലാസുകള്‍ പതുക്കെ തുടങ്ങി. ഇരുന്ന് പഠിപ്പിക്കല്‍ ആയിരുന്നു പതിവ്. 3 മാസം കഴിഞ്ഞപ്പോള്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ഡാന്‍സ് പ്രാക്ടീസ് തുടങ്ങി. ആറാം മാസത്തില്‍ ഞാന്‍ ഗുരുവായൂരില്‍ ഡാന്‍സ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. അതു നടപ്പിലാക്കി. യാദൃശ്ചികമായി സര്‍ജറി ചെയ്ത ഡോക്ടറും കുടുംബവും ഗുരുവായൂരില്‍ എത്തിയ ദിവസം കൂടിയായത്.

അസുഖം ഭേദമാക്കി വീണ്ടും അരങ്ങിലെത്തിച്ച ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞ് 100 ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ഡാന്‍സ് ചെയ്‌തോളാമെന്ന് തീരുമാനമെടുത്ത് അതിനുള്ള പ്രയത്‌നം ആരംഭിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ചു. ഇതിനിടെ രണ്ടാമത്തെ കുഞ്ഞന്‍ വയറ്റില്‍ കുരുത്തു. പിന്നെ അവനുള്ള പ്രതീക്ഷയായി. അവന്‍ വന്ന് കഴിഞ്ഞ് തന്റെ നേര്‍ച്ച നടപ്പിലാക്കുന്നതിന്റെ ഭാഗമായി നീങ്ങുമ്പോഴാണ് കിംസിലെ കുറച്ച് രോഗികളെ കണ്ട് സംസാരിക്കാനും ക്യാമ്പ് ഉദ്ഘാടനം ചെയ്യാനും ക്ഷണം വന്നത്. അത് മനോരമ മെട്രോയില്‍ വാര്‍ത്തയായി വന്നു. പിന്നെ ഒരുവിധമുള്ള എല്ലാ പത്രങ്ങളിലും വാര്‍ത്തയെത്തി. വനിതയില്‍ കൂടി വന്നപ്പോള്‍ ഭവ്യ സ്റ്റാര്‍ ആയി.

ഇപ്പോള്‍ നാട്ടിലെ താരമാണ്. നാട്ടിലെ ക്ലബുകളില്‍ ആദരവുകള്‍ ഏറ്റ് വാങ്ങുന്നു. നാടിന്റെ വനിത പുരസ്‌കാരം ലഭിക്കുന്നു. ഇന്ന് അതായത് ഈ സ്‌പൈന്‍ ഡേ ദിവസം തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂളായ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിശിഷ്ടാതിഥിയായി, ഉദ്ഘാടകയായി പോകുകയാണ്.
ഒരുപാട് പേര്‍ക്ക് പ്രചോദനമായി അവളുടെ സര്‍ജറി കഥ. കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് പേര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നു. അവര്‍ക്കൊക്ക ആത്മവിശ്വാസം കൊടുക്കുന്നത് കാണുമ്പോള്‍ വീണ്ടും അഭിമാനം. അവള്‍ നിവര്‍ന്ന് നിക്കട്ടെ അഭിമാനത്തോടെ!!!!