നിറഞ്ഞാടി ഗോകുലും പ്രയാഗയും; ശ്രദ്ധനേടി ‘ഉൾട്ട’യിലെ ഗാനം

November 20, 2019

ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ‘മടിക്കാൻ എന്താണ്’ എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് ഗോകുൽ സുരേഷും പ്രയാഗ മാർട്ടിനുമാണ്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും ചേർന്നാണ്.

പേരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ ആകർഷിച്ചതാണ് ഈ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു, തെസ്‌നി ഖാന്‍, ആര്യ, സുരഭി, അനുശ്രീ എന്നിവരും ‘ഉള്‍ട്ട’ എന്ന സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also: കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം നര്‍മ്മത്തിനു പ്രാധാന്യം നല്‍കികൊണ്ടാണ് തയാറാക്കുന്നത്. ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപ സ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സുരേഷ് പൊതുവാള്‍ തന്നെയാണ് ‘ഉള്‍ട്ട’യുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മാണം.