ബ്രഷും സോപ്പും ഉപയോഗിച്ച് തുണികഴുകി ചിമ്പാൻസി: രസകരം ഈ വീഡിയോ

December 12, 2019

മനുഷ്യൻ ചെയ്യുന്നതുപോലെത്തന്നെ മൃഗങ്ങളും ചെയ്താൽ എന്തായിരിക്കും അവസ്ഥ അല്ലേ..? എന്നാൽ നിരവധി കാര്യങ്ങളിൽ മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെയും നായയുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിലപ്പോൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ മനുഷ്യൻ ചെയ്യുന്നതുപോലെ തന്നെ സോപ്പും ബ്രഷും ഉപയോഗിച്ച് തുണിയലക്കുന്ന ഒരു ചിമ്പാൻസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ചൈനയിലെ ലെഹെ ലെഡു തീം പാർക്കിലാണ് ഈ രസകരമായ സംഭവം നടന്നത്. യുഹുയി എന്നാണ് ഈ ചിമ്പാൻസിയുടെ പേര്. കഴിഞ്ഞ ദിവസം പാർക്കിലെ മേൽനോട്ടക്കാരി സൂ വസ്ത്രങ്ങൾ കഴുകുന്നത് യുഹുയി ഏറെ നേരം നോക്കിനിന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സൂ വസ്ത്രങ്ങൾ കഴുകി കഴിഞ്ഞ ശേഷം ഒരു വസ്ത്രവും സോപ്പും ബ്രഷും അവിടെ വച്ചതിന് ശേഷം മാറിനിന്നു.

യുഹുയിയെ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂ മാറിനിന്നത്. അല്‌പനേരം കഴിഞ്ഞപ്പോൾ സൂ തുണികഴുകിയ ഭാഗത്തേക്ക് വന്ന് ചിമ്പാൻസി സൂ ചെയ്‌തതുപോലെ തുണി വെള്ളത്തിൽ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകുകയായിരുന്നു.

എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ് ചിമ്പാൻസിയുടെ വീഡിയോ. മനുഷ്യരെപോലെത്തന്നെ ബുദ്ധിയുള്ള ജീവിയാണ് ചിമ്പാൻസി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.