മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ താരം ‘ഷൈലോക്കി’ലൂടെ വീണ്ടും എത്തുന്നു…

January 13, 2020

മെഗാസ്റ്റാറുകൾക്കൊപ്പം നായികമാരായും പിന്നീട് അവരുടെ അമ്മമാരായും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന നിരവധി താരങ്ങളെ നാം കാണാറുണ്ട്. എന്നാൽ താരത്തിന്റെ മകളും നായികയും ഒപ്പം അമ്മയുമായി അഭിനയിച്ച ഒരു നടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. അതും മലയാള സിനിമയുടെ എക്കാലത്തെയും യൂത്ത് ഐക്കൺ മമ്മൂട്ടിയുടെ ഒപ്പം മകളായും ഭാര്യയായും അമ്മയായും അഭിനയിച്ച മീനയാണ് ഇപ്പോൾ താരം.

1984 ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തില്‍ മീന മമ്മൂട്ടിയുടെ മകളായി വെള്ളിത്തിരയിൽ വേഷമിട്ടു. മീനയുടെ രണ്ടാനച്ഛനായിരുന്നു മമ്മൂട്ടി. ബാലതാരമായിരുന്ന മീന പിന്നീട് നായികനിരയിലേക്ക് ഉയർന്നു. 2001-ല്‍ പുറത്തിറങ്ങിയ ‘രാക്ഷസ രാജാവ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന എത്തി. ‘ബാല്യകാല സഖി’ എന്ന ചിത്രത്തില്‍ മീന മമ്മൂട്ടിയുടെ അമ്മയായും വെള്ളിത്തിരയിൽ എത്തി.

ഇപ്പോഴിതാ ഷൈലോക്ക് എന്ന ചിത്രത്തിലും മമ്മൂട്ടിയോടൊപ്പം വെള്ളിത്തിരയിൽ എത്തുകയാണ് മീന. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്.

മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’. സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.  ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ജനുവരി 23 ന് ചിത്രം തിയേറ്ററുകളിൽ എത്തും.