‘ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ’; ഹൃദയംതൊട്ട് ടൊവിനോ ചിത്രത്തിന്റെ ടീസർ

January 21, 2020

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്…’ മലയാളികൾ എന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു സിനിമയുടെ പേരായിരിക്കുകയാണ്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തുന്നത്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയറ്ററുകളിലെത്തിക്കുന്നത്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു. ബി കെ ഹരിനാരായണനും വിനായക് ശശികുമാറും ആണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക.

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. അത്രമേല്‍ ജനകീയനായ നടന്‍ കൂടിയാണ് ടൊവിനോ. താരം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് എക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.