‘ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി’; ഹൃദ്യം ഈ ഗാനം

February 15, 2020

തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. സിനിമയിലെ മനോഹരമായ ഒരു ഗാനം പുറത്തിറങ്ങി. ശോഭനയാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.

മുല്ലപ്പൂവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ദൃശ്യഭംഗിയിലും ഗാനം മികച്ചു നില്‍ക്കുന്നു. ഹരിചരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്.

അതേസമയം സുരേഷ് ഗോപിയുടെയും ശോഭനയുടെയും മടങ്ങിവരവിന് മികച്ച പിന്തുണയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നതും. 2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.

Read also: സാക്ഷാൽ ശ്രീരാമനായി ആസിഫ് അലി; കൗതുകമൊളിപ്പിച്ച് കുഞ്ഞെല്‍ദോ

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005-ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴി’ന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.