വഴിയരികിലെ കൊച്ചു ‘സുന്ദരി’ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രിയപ്പെട്ടവളായപ്പോള്‍…

February 27, 2020

പതിവുപോലെ പരിശോധനകള്‍ക്ക് ഇറങ്ങിയതാണ് പോലീസ് ഉദ്യോഗസ്ഥര്‍. മെയിന്‍ റോഡിലൂടെ പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ‘സുന്ദരി’ ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കി. ഉടനെ വണ്ടിയില്‍ നിന്ന് പൊലീസുകാരെല്ലാം വേഗം ഇറങ്ങി, പിന്നെ ‘സുന്ദരി’ക്കരികിലേക്ക്. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. തൊട്ടും തലോടിയും നോക്കി…. പറഞ്ഞുവരുന്നത് ‘സുന്ദരി’ എന്ന കുഞ്ഞന്‍ ഓട്ടോറിക്ഷയെക്കുറിച്ചാണ്.

കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും എല്ലാവിധ സംവിധാനവും ഉണ്ട് ഈ സുന്ദരി ഓട്ടോറിക്ഷയില്‍. അരുണ്‍കുമാറാണ് ഈ ഓട്ടോറിക്ഷ നിര്‍മിച്ചത്. മക്കളായ മാധവ് കൃഷ്ണയ്ക്കും കേശനി കൃഷ്ണയ്ക്കും പ്രിയപ്പെട്ടതാണ് ഈ ഹൈടെക് ഓട്ടോ. ഇടുക്കി ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി നോക്കുകയാണ് അരുണ്‍ കുമാര്‍.

Read more: ഗിറ്റാറില്‍ അതിമനോഹരമായി ‘കണ്ണാനേ കണ്ണേ…’; മാജിക്കല്‍ സംഗീതവുമായി കാക്കിക്കുള്ളിലെ കലാകാരന്‍: വൈറല്‍ വീഡിയോ

കുട്ടിക്കാലം മുതല്‍ക്കേ വാഹനപ്രീയനാണ് അരുണ്‍. വാഹനങ്ങളോടുള്ള ആ ഇഷ്ടം തന്നെയാണ് തന്റെ മക്കള്‍ക്ക് ഓട്ടോ നിര്‍മിച്ചുനല്‍കാന്‍ അരുണ്‍ കുമാറിനെ പ്രേരിപ്പിച്ചതും. സുന്ദരി എന്നു പേരിട്ടിരിക്കുന്ന ഓട്ടോയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നേരത്തെതന്നെ വൈറലായിരുന്നു.

ഏഴരമാസത്തെ കഠിന പ്രയത്‌നംകൊണ്ടാണ് മനോഹരമായ ഹൈടെക് ഓട്ടോറിക്ഷ അരുണ്‍കുമാര്‍ നിര്‍മിച്ചത്. മ്യൂസിക് സിസ്റ്റവും വൈപ്പറുമെല്ലാം ഘടിപ്പിച്ചിട്ടുണ്ട് ഓട്ടോറിക്ഷയില്‍. എന്തായാലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രിയപ്പെട്ടവളായിരിക്കുകയാണ് ഈ സുന്ദരി ഓട്ടോ.