നായകനായി വിജയ്; ‘മാസ്റ്റർ’ ഷൂട്ടിങ് പുനരാരംഭിച്ചു…

February 7, 2020

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. ആദായ നികുതി വകുപ്പ് വിജയ് യെ ചോദ്യം ചെയ്യാൻ കൊണ്ടുപോയതിനെത്തുടർന്ന് നിർത്തിവച്ച ഷൂട്ടിങാണ് പുനരാരംഭിച്ചത്.

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്ത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

അതേസമയം തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.

മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടക്കുന്നത്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.