ഇണയാവാനും തുണയാവാനും പറ്റും പക്ഷേ…; ചിരിപ്പിച്ച് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ടീസർ

February 14, 2020

വിനയ് ഫോർട്ടും ടിനി ടോമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. വെടിവഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ സൗബിൻ സാഹിറാണ് ടീസർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന് സൂചന നൽകും വിധമാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഒരു കോമഡി രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.” ഇണയാവാം, തുണയാവാം, എന്നാൽ കീഴ്പെട്ട് ജീവിക്കാൻ പറ്റില്ല” എന്ന ശാന്തിയുടെ ഡയലോഗാണ് ഏറെ ചിരിയുണർത്തുന്നത്.

Read also: “ഫ്രം യുവർ വാലൻന്റൈൻ”; പ്രണയദിനത്തിൽ അറിയാം ചില പ്രണയകഥകൾ…

അതേസമയം ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. തലകുത്തി നിൽക്കുന്ന ടിനി ടോമിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലക്സ് എന്ന കഥാപാത്രമായാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിൽ ടിനി ടോം എത്തുന്നത്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രിന്ദ, അലൻസിയർ, മധുപാൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിൽ എത്തും.