പൊട്ടിച്ചിരിയും പ്രണയക്കാഴ്ചകളുമായി വരനെ ആവശ്യമുണ്ട്; മേക്കിങ് വീഡിയോ

February 13, 2020

തിയേറ്ററുകളിൽ പൊട്ടിച്ചിരിയും പ്രണയകാഴ്ചകളുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തുന്നത്. ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് ഈ ചിത്രത്തിലൂടെ.
2015- ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടില്ല. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.