ശ്രദ്ധ നേടി ‘അയ്യപ്പനും കോശിയും’ തെലുങ്ക് പതിപ്പിന്റെ ട്രോള്‍ ട്രെയ്‌ലര്‍

March 31, 2020

ട്രോളന്മാര്‍ അരങ്ങു വാഴുന്ന കാലമാണിത്. എന്തിനും ഏതിനും ട്രോള്‍ ഉണ്ടാക്കാന്‍ മലയാളികള്‍ക്ക് അറിയാം. ഇപ്പോഴിതാ തിയേറ്ററുകളില്‍ കൈയടി നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ ഒരു ട്രോളിലൂടെ ഒരുക്കിയിരിക്കുകയാണ്. എന്തായാലും സംഗതി ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.

അതിശയിപ്പിക്കുന്ന എഡിറ്റിങ്ങ് മികവാണ് ഈ ട്രോള്‍ വീഡിയോയുടെ പ്രധാന ആകര്‍ഷണം. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി എന്നിവര്‍ തെലുങ്ക് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളായെത്തുമെന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നു. ട്രോള്‍ ട്രെയിലറിലും ഇവരുതന്നെയാണ് താരങ്ങള്‍. അതേസമയം ട്രോള്‍ ട്രെയ്‌ലറിലെ ഡയലോഗുകളെല്ലാം മലയാളത്തിലാണ്.

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും.

സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.