ഗ്രാമത്തിൽ നിന്നും പുറത്തേക്കുള്ള ഏക യാത്രാമാർഗം കുത്തനെയുള്ള ഈ ഗോവണി; അതുലീർ ഗ്രാമത്തിലെ കാഴ്ചകൾ

May 20, 2020
atuler village

കിഴക്കാം തൂക്കായ മലകൾ….പേടിപ്പെടുത്തുന്ന പറയിടുക്കുകൾ…കുറച്ച് നാളുകൾ മുൻപ് വരെ ഈ മലമുകളിൽ ജനവാസം ഉണ്ടെന്ന് ലോകം അറിഞ്ഞിരുന്നില്ല. 72 കുടുംബങ്ങൾ താമസിക്കുന്ന ഈ മലമുകളിൽ സ്കൂളുകളോ ആശുപത്രിയോ ഒന്നുമില്ല. മലമുകളിലെ അതുലീർ ഗ്രാമത്തിൽ നിന്നും പുറം ലോകത്തേക്ക് എത്താൻ ആകെയുള്ള യാത്രാമാർഗം കുത്തനെയുള്ള ഒരു ഗോവണിയാണ്.

ഏകദേശം ഒരു മണിക്കൂർ സമയത്തെ യാത്രയുണ്ട് ഈ ഗോവണിയിലൂടെ താഴേക്ക്. ദിവസവും ഈ ഗോവണികൾ കയറി ഇറങ്ങിയാണ് ഇവിടുത്തെ കുട്ടികൾ സ്കൂളിലേക്ക് യാത്ര ചെയ്തിരുന്നത്.

ഭൂമിയിൽ നിന്നും ഏകദേശം 800 അടി ഉയരത്തിലുള്ള അതുലീർ ഗ്രാമത്തെക്കുറിച്ച് അടുത്തിടെയാണ് ലോകം അറിയുന്നത്. ചെൻ ജി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെയാണ് ലോകം ഈ ഗ്രാമത്തെക്കുറിച്ച് അറിഞ്ഞത്. ഇളകിക്കൊണ്ടിരിക്കുന്ന ഗോവണിയിൽ പിടിച്ച് പാറയിടുക്കിനിടയിലൂടെ സ്‌കൂൾ കുട്ടികൾ താഴേക്കിറങ്ങുന്നതിന്റെ ചിത്രമാണ് ചെൻ ജി പകർത്തിയത്. ഇതോടെ ഈ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചും പുറംലോകം അറിഞ്ഞു.

Read also: ഇതാണ് ഇന്ത്യയിലെ വൻമതിൽ; അത്ഭുത കാഴ്ചകൾ ഒരുക്കി കുംഭൽഗഡ് കോട്ട

പിന്നീട് അധികൃതർ ഇരുമ്പിന്റെ ഗോവണിപ്പടികൾ ഇവിടെ സ്ഥാപിച്ചുനൽകി. അതിന് പുറമെ ഇവിടുത്തെ കുട്ടികളെ താഴ്വാരത്തിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള സൗകര്യവും അവർ ഏർപ്പെടുത്തി.

പ്രായമായവരും, കുട്ടികളും, കൈകുഞ്ഞുമായുള്ള അമ്മമാരും, ഗർഭിണികളുമടക്കം ഈ ഗോവണികൾ വഴിയാണ് യാത്ര ചെയ്യുന്നത്. ഏറെ ദുരിതം നിറഞ്ഞ ഈ യാത്രക്കിടെ വീണ് പരിക്കേറ്റവരും, മരണമടഞ്ഞവരും നിരവധിയാണ്. മലമുകളിലെ ഗ്രാമത്തിൽ കൃഷി ചെയ്താണ് ഇവർ ജീവിക്കുന്നത്. എന്നാൽ കാർഷിക വിളകൾ വിൽക്കുന്നതായി ഇവർക്ക് താഴെ എത്തിയെ മതിയാകു.

Read also: ചുരുളഴിയാത്ത രഹസ്യങ്ങളുമായി ലോകത്തിലെ ഏറ്റവും പഴക്കമുള്ള പിരമിഡ്

അതേസമയം ഈ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും ഇവർക്ക് ആശ്വാസം നല്കാൻ ഒരുങ്ങുകയാണ് ചൈനീസ് സർക്കാർ. അവിടെനിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഒരു നഗരത്തിൽ ഈ ഗ്രാമവാസികൾക്കായി അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ വീടുകൾ ഒരുക്കിയിരിക്കുകയാണ് ചൈനീസ് സർക്കാർ.

Story Highlights: scary situation of atuler village