‘ലോകം മുഴുവൻ സുഖം പകരനായി സ്നേഹദീപമേ മിഴി തുറക്കൂ’, കൊച്ചു കേരളത്തിന്റെ വലിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരള ഫയർഫോഴ്‌സ് ടീം; വീഡിയോ

May 16, 2020

ഒരേമനസോടെ അകലങ്ങളിൽ ഇരുന്ന് കൊവിഡ് -19 എന്ന മഹാവിപത്തിനെതിരെ പോരാടുകയാണ് ലോകജനത. ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനെ തുരത്തിയോടിക്കാൻ കഠിനപരിശ്രമം നടത്തുകയാണ് ആതുരസേവകരും ജനപ്രതിനിധികളും പൊലീസുകാരുമെല്ലാം. കൊവിഡ് കാലത്ത് ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് നമ്മുടെ കേരളം കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഈ പ്രവർത്തകർക്ക് ആദരമർപ്പിക്കുന്ന ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനത്തിലൂടെ കൊവിഡ് കാലത്തെ സന്നദ്ധപ്രവർത്തകരെ ആദരിക്കുകയാണ് കേരള ഫയർ ഫോഴ്സ്.

എറണാകുളം ഗാന്ധിനഗർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ പ്രവർത്തകരാണ് ഈ വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കർമനിരതരായ പ്രവർത്തകർ തങ്ങളുടെ ജോലി നിർവഹിക്കുന്നതിനിടയിലാണ് ഗാനം ആലപിക്കുന്നത്. ഇടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.

കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് പിന്തുണയുമായി നിരവധിപ്പേർ എത്തുന്നുണ്ട്. പ്രളയകാലത്ത് കേരള ജനതയുടെ സുരക്ഷയ്ക്കായി പ്രവർത്തിച്ച ഫയർ ഫോഴ്സ് ടീമിനോടുള്ള നന്ദിയും പലരും ഈ വീഡിയോയ്ക്ക് കമന്റായി നൽകുന്നുണ്ട്. ദുരന്ത സമയങ്ങളിലെ കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ കൊച്ചുകേരളത്തിന്റെ അഭിമാനം എന്ന ആശയം പങ്കുവയ്ക്കുന്നവരും നിരവധിയാണ്.