‘ആരോഗ്യമുള്ള കാലത്തോളം, ചെളിയും വിയർപ്പും നോക്കാതെ അദ്ധ്വാനിക്കാം, കേരളം നിങ്ങളെ കാത്തിരിക്കുന്നു’; ശ്രദ്ധനേടി പ്രവാസികൾക്കായി എഴുതിയ കുറിപ്പ്

May 5, 2020
pravasi malayali

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. ഒരുപാട് നഷ്ടത്തിന്റെ കണക്കുകൾ പറയുന്ന ഈ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. ഈ വേളയിൽ ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ട, കേരളത്തിലേക്ക് തിരികെ പോരൂ എന്ന് പറയുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചലച്ചിത്ര തിരക്കഥാകൃത്ത് ജോസ്ലെറ്റ് ജോസഫ് പങ്കുവെച്ച കുറിപ്പ് വായിക്കാം.

‘ജോലി നഷ്ടപെട്ട് വരികയാണെങ്കിലുമില്ലെങ്കിലും ഇനി കേരളത്തിൽ ജോലിചെയ്തു ജീവിക്കാം എന്ന ഉറപ്പോടെ നിൽക്കുന്ന ഒരു പ്രവാസിക്കും ഇവിടെ പട്ടിണി കിടക്കേണ്ടി വരില്ല. രണ്ടു രൂപക്ക്‌ അരി കിട്ടുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടന്നല്ല പറയുന്നത്.

ഗൾഫിൽ നമ്മൾ രാവിലെ 5 മണിക്കോ അതിലും നേരത്തെയോ ഉണരുന്നു. ബ്രെക്ക് ഫാസ്റ്റ് കഴിക്കാൻ ടൈം കിട്ടാതെ ജോലി സ്ഥലത്തേക്ക് ഒന്നോ രണ്ടോ മണിക്കൂർ ഡ്രൈവുചെയ്യുകയോ ബസ്സിലിരിക്കുകയാ ചെയ്യുന്നു. പിന്നെ ജോലി സ്ഥലത്തെ വർക്ക് പ്രഷർ, മാനേജർ/സൂപ്പർവൈസർമാരുടെ തെറി. വൈകിട്ട് ക്ഷീണിച്ച് മടങ്ങി വന്ന് തനിയെ ആഹാരം പാകം ചെയ്ത്, കുളിച്ച്, കഴിച്ച്, വീട്ടിലേക്ക് ഫോൺ ചെയ്ത്, പാതിരായ്ക്ക് ചിലർ കിടക്കുന്നു. ചിലർ ഉറങ്ങുന്നു. ആ പെടാപ്പാടിന്റെ പകുതി മതി ഇവിടെ ജീവിക്കാൻ. മെന്റൽ സ്‌ട്രെയിൻ കുറയും. ആരോഗ്യവും മെച്ചപ്പെടും. ഗൾഫിൽ മികച്ച തൊഴിൽ സംസ്കാരം ശീലിച്ചതുകൊണ്ട് സമയ നിഷ്ഠയും സാങ്കേതിക നിലവാരവും നമ്മുടെ ജോലിയിലുണ്ട്. അതുകൊണ്ട് കൂലി തരുന്നവനു നഷ്ടം ഉണ്ടാവില്ല.

നാട്ടിൽ വന്നിട്ട് എന്താണ് ചെയ്യുക?

1. ടെക്നിക്കൽ സ്കില്ലുള്ള പ്ലമ്പർ, ഇലക്ട്രിഷൻ, വെൽഡർ, കാർപെൻന്റർ, മേസൺ, കാർ /AC മെക്കാനിക്ക് എന്നിവർക്ക് എന്നും ഡിമാൻഡ് ആണ്. ആർത്തിയില്ലെങ്കിൽ ആയിരം രൂപയുടെ പണി മാസം കുറഞ്ഞത് 20 ദിവസമെങ്കിലും ചെയ്യാനാകും. ഇവിടുത്തെ ഇപ്പോഴത്തെ നില എന്തെന്നാൽ ആള് വിളിച്ചാൽ വരില്ല, വന്നാൽ, തൊട്ടാൽ ആയിരം എന്നതാണ്. അത് നിങ്ങളുടെ വരവോടെ മാറണം. ഒരു ഫാൻ മാറുക, ടാപ്പോ മോട്ടറൊ മാറുക, ഒടിഞ്ഞ കസേര നന്നാക്കുക, വണ്ടി സർവീസ് ചെയ്തു കൊടുക്കുക തുടങ്ങി എന്തിനും മണിക്കൂറിനു കാശ് പറഞ്ഞു ജോലി ചെയ്തോ. ക്ലിക്കാകും.

2. നല്ലൊരു മൊബൈൽ, ലാപ്ടോപ്പ് റിപ്പയർ ഇല്ലാത്തതു കൊണ്ട് ഇലക്ട്രോനിക്ക് വേസ്റ്റ്കളുടെ പ്രളയമാണ് ഓരോ വീട്ടിലും. മിതമായ നിരക്കിൽ ഏറ്റെടുത്തു ചെയ്താൽ അത് നാടിനു തന്നെ വലിയ ഉപകാരമാകും.

3.കാർ വാഷിനു സർവീസ് സ്റ്റേഷനോ വലിയ ഇൻവെസ്റ്റ്‌മെന്റോ ഒന്നും വേണ്ട ഒരു മിഷീനുമായി സ്കൂട്ടറിൽ നിങ്ങൾക്ക് വീടുകളിൽ പോയി ചെയ്തു കൊടുക്കാവുന്നതെയുള്ളൂ. കറന്റും വെള്ളവും ഉടമസ്ഥന്റെത്.

4.ആർട്ട്‌, ഗ്രാഫിക്സ്, അഡ്വർടൈസിംഗ് മേഖലയിൽ സ്കിൽ ഉള്ളവർ 3D മോഡലിംഗ് കൂടി പഠിച്ചാൽ ചെറുതും വലുതുമായ കെട്ടിടനിർമ്മാതാക്കൾ നിങ്ങളുടെ സേവനം ഉപയോഗപ്പെടുത്തും. 3000 മുതൽ 5000 രൂപ വരെ വ്യൂ ഒന്നിന് പ്രതിഫലം കിട്ടും. ചതുരശ്ര അടി കൂടുതൽ ഉള്ളതും വ്യാവസായിക ആവശ്യങ്ങൾക്കുള്ള നിർമ്മിതികൾക്കും 3D സബ്മിട്ടു ചെയ്യുന്ന വിധം വിജ്ഞാപനം വരുന്ന കാലം വിദൂരമല്ല. നിലവാരമുള്ള ആനിമേറ്റേഴ്സിന് നമ്മുടെ സിനിമ ടെലിവിഷൻ മേഖലയിൽ എന്നും ഡിമാൻഡ് ഉണ്ട്. താങ്ങാവുന്ന കോസ്റ്റ് ആണെങ്കിൽ ആനിമേറ്റഡ് ഷോട്ട് ഫിലിമുകൾ ഇവിടെ വിപ്ലവം തീർക്കും.

Read also: സ്വപ്നം ‘ശ്രീധന്യം’; ‘ഇളയരാജ’ ചിത്രം പോലെ ഈ ജീവിതം; കോഴിക്കോട് അസി. കളക്ടർ ആയി ചുമതലയേൽക്കുന്ന ശ്രീധന്യയ്ക്ക് അഭിനന്ദനപ്രവാഹം

5. മിഥ്യാഭിമാനം വീട്ടിൽ വെച്ച് പണിയെടുക്കാൻ തയ്യാറാണെങ്കിൽ ഇത്രയും അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട ഗതികേട് കേരളത്തിന് ഉണ്ടാവില്ലായിരുന്നു. ഇവിടെ കൂലിപ്പണിയെടുത്തിരുന്നവൻ ഗൾഫിൽനിന്നും അവധിക്ക് വരുമ്പോൾ സ്വന്തം പറമ്പിൽ ബംഗാളിയെ വിളിച്ചു കിളപ്പിച്ച് മുതലാളി ചമഞ്ഞു നോക്കി നിൽക്കുന്ന ആ അൽപ്പത്തമുണ്ടല്ലോ അത് മാറ്റിവെച്ച് പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ മാസത്തിൽ 32 ദിവസവും പണിയുണ്ട്. ഗൾഫിൽ രണ്ടായിരം ദിർഹത്തിൽ താഴെ മാസശമ്പളം പറ്റുന്ന ആരോഗ്യമുള്ള ഒരുത്തന് നാടുതന്നെയാണ് നല്ലത്. ലേബർ എന്നു പറയാൻ ലജ്ജയാണെങ്കിൽ കോൺട്രക്റ്റർ എന്നു പറഞ്ഞോ.
ഉദാ: പെയിന്റിങ്, തെങ്ങു കയറ്റം, തെങ്ങിന് തടം എടുക്കുക, മരം വെട്ടുക, തൈക്ക് കുഴിയെടുക്കുക തുടങ്ങിയവ. ഒരു വെറൈറ്റിയായി പത്തു വീടുകളിൽ ഉദ്യാന പരിപാലനം കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഏറ്റെടുത്തു ചെയ്തു നോക്കൂ. പരിപാടി പൂവിടും.

6. അകൗണ്ടിങ് പരിചയം ഉള്ളവർക്ക് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ടാക്സ് അനുബന്ധ കാര്യങ്ങൾ ഫ്രീലാൻസായി ചെയ്തുകൊടുക്കാം. അത് സർക്കാരിനും ഗുണകരമാണ്. പ്രത്യേകിച്ച് പള്ളി, അമ്പലം, സൊസൈറ്റി തുടങ്ങിയയുടെ കണക്ക് പുറത്ത് ഓഡിറ്റ് ചെയ്യണം എന്നൊരു ക്ളോസ് പൊതുയോഗം പാസാക്കിയാൽ കമ്മറ്റിക്കാരുടെ അടിച്ചുമാറ്റൽ പാതി കുറയും.

7. അവസാനമായി കൃഷി. ഹരിത ക്ഷീര മാംസ വിപ്ലവം തീർക്കാം എന്നു കരുതി എടുത്തുചാടി പുറപ്പെടരുത്. ലാർജ്ജ് സ്കെയിൽ ഒക്കെ പതിയെ മതി. ആദ്യം വീട്ടുവളപ്പിലോ മൂന്നാലു പേർ ചേർന്നോ മാറ്റാരുടെയെങ്കിലും സ്ഥലം പാട്ടത്തിന് എടുത്തോ പരീക്ഷിച്ചു നോക്കാം. അടുക്കളയിലേക്ക് ഉള്ളത് കിട്ടിയാൽ വീട്ടുചിലവ് അത്രയും കുറയുമല്ലോ. ഇപ്പോഴത്തെ അസ്ഥിര കാലാവസ്ഥ കൃഷിക്ക് ഒട്ടും അനുയോജ്യമായി എനിക്ക് തോന്നിയിട്ടില്ല. ഏറെയും ഭാഗ്യം പോലെയിരിക്കും.

Read also: ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ

ഇനി, ഞാൻ ആർക്കിടെക്ചർ ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് എന്നറിയാമല്ലോ, ഈ രണ്ടുമാസ കോവിഡ് കാലത്ത് വെറും നാല് സൈറ്റിൽ നിന്നുമായി തച്ചുകാശ് ഇനത്തിൽ അറുപത്തയ്യായിരം രൂപയുടെ കാർപെന്ററി ജോലിയും, എൺപതിനായിരം രൂപയുടെ ടൈൽ ഫിക്സിങ്ങും ഒരു ലക്ഷം രൂപയുടെ പോളീഷിങ്‌ ജോലിയും അൻപതിനായിരം രൂപയുടെ മേസ്തരി മേക്കാഡ് പണിയും ചെയ്ത മലയാളി ബംഗാളി തമിഴ് വർക്കേഴ്‌സിനെ എനിക്കറിയാം. ഞാൻ സാക്ഷിയാണ്. വീട്ടിൽ ഇരുന്നാലും ഡിസൈൻ ചെയ്ത വക ഒരു ശരാശരി സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പളം ഞാനും ഉണ്ടാക്കിയിട്ടുണ്ട്.

അതുകൊണ്ട് ഇനി മുന്നോട്ട് എന്ത് എന്ന് ചിന്തിച്ചു തല പുണ്ണാക്കിയിരിക്കുന്നു പ്രവാസി സുഹൃത്തുക്കളേ… ഒന്നും നോക്കേണ്ട. ആരോഗ്യമുള്ള കാലത്തോളം, ചെളിയും വിയർപ്പും നോക്കാതെ അദ്ധ്വാനിക്കാം എന്നൊരു മനസ്സ് ഉണ്ടെങ്കിൽ ധൈര്യമായി പോരൂ. പരാതിയും പരിഭവവും വിട്ടേക്ക്. കേരള ഈസ്‌ വെയ്റ്റിങ് ഫോർ യു. അല്ലാതെ മരുഭൂമിയിലെ ചൂടും, ചോര പെട്രോളാക്കിയതും അറബിയുടെ ആട്ടും തുപ്പും കുബ്ബൂസും തൈരും ചേർത്ത് ഇളക്കിയ മൈര് സെന്റി കഥകളും പറയാനാണെങ്കിൽ നമുക്ക് നല്ലത് അവിടം തന്നെയാണ്.

Story Highlights: script writer joslet fb post viral